ന്യൂഡല്‍ഹി: മത്സര പരീക്ഷകൾക്കുള്ള പരിശീലന കേന്ദ്രങ്ങൾക്ക് പേരുകേട്ട രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർഥി ആത്മഹത്യ വർധിക്കുന്നത് ഗുരുതര സാഹചര്യമെന്ന് സുപ്രീംകോടതി. ഈ വർഷം, ഇതുവരെ നഗരത്തിൽ 14 ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
സ്ഥിതിഗതികൾ ഗൗരവതരമാണ്. ഒരു സംസ്ഥാനം എന്ന നിലയിൽ എന്താണ് ചെയ്യുന്നതെന്നും രാജസ്ഥാന് വേണ്ടി ഹാജരായ അഭിഭാഷകനോട് ജസ്റ്റിസ് പർദിവാല ചോദിച്ചു. എന്തുകൊണ്ടാണ് ഇത്രയും വിദ്യാർഥികൾ മരിക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ആത്മഹത്യാ കേസുകൾ പരിശോധിക്കുന്നതിനായി സംസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചു.
ഖരഗ്പുർ ഐ.ഐ.ടിയിൽ പഠിക്കുന്ന 22കാരനായ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. മേയ് നാലിനാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. എഫ്.ഐ.ആർ രജിസ്റ്റർചെയ്തത് നാലുദിവസം കഴിഞ്ഞാണ്. എന്തുകൊണ്ടാണ് ഇത്രയും കാലതാമസമെന്നും കോടതി ചോദിച്ചു. നീറ്റ് പരീക്ഷാർഥിയായിരുന്ന പെൺകുട്ടിയെ കോട്ടയിൽ താമസിച്ചിരുന്ന മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ മറ്റൊരു കേസിനെക്കുറിച്ചും അഭിഭാഷകനോട് ബെഞ്ച് ചോദിച്ചു. ഈ കേസിലും പൊലീസിന് വീഴ്ചയുണ്ടായെന്ന് സുപ്രീംകോടതി പറഞ്ഞു. നേരത്തേ, വിദ്യാർഥി ആത്മഹത്യകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിഷയം പഠിക്കാൻ സുപ്രീംകോടതി പ്രത്യേക ദൗത്യസംഘം രൂപവത്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.