കാർഷിക നിയമങ്ങൾ; സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചു

ന്യൂഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾ പഠിക്കാനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു. മാർച്ച് 19ന് റിപ്പോർട്ട് സമർപ്പിച്ചതായി അംഗങ്ങളിലൊരാൾ വ്യക്തമാക്കിയെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. കോടതിയിൽ സമർപ്പിച്ചതിനാൽ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ജനുവരിയിലാണ് മൂന്നംഗസമിതിയെ സുപ്രീംകോടതി നിയോഗിച്ചത്.

ജനുവരിയിൽ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കർഷകരും കേന്ദ്ര സർക്കാറും പലവട്ടം നടത്തിയ ചർച്ചകൾ ധാരണയിലെത്താതെ പിരിഞ്ഞിരുന്നു. തുടർന്നാണ് വിഷയം പഠിക്കാൻ സമിതിയെ നിയോഗിച്ചത്. കർഷകർ മാസങ്ങളായി പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ ഇടപെടൽ.

കമീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ്​സ്​ ആൻഡ്​ പ്രൈസസ്​ മുൻ ചെയർമാൻ അശോക്​ ഗുലാത്തി, അഗ്രികൾച്ചർ ഫുഡ്​ പോളിസി റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഡയറക്​ടർ പ്രമോദ്​ കുമാർ ജോഷി, മഹാരാഷ്​ട്രയിലെ ഷേത്​കാരി സംഗതാൻ സംഘടന അധ്യക്ഷൻ അനിൽ ഖൻവാത്​ എന്നിവരാണ്​ സമിതിയിലെ അംഗങ്ങൾ.

എന്നാൽ, കേന്ദ്ര സർക്കാറിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നവരും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരുമാണ് സമിതി അംഗങ്ങളെന്ന് തുടക്കം മുതൽക്കേ ആക്ഷേപം ഉയർന്നിരുന്നു. സമിതിയെ അംഗീകരിക്കില്ലെന്ന് പ്രക്ഷോഭത്തിലുള്ള കർഷക സംഘടനകളും വ്യക്തമാക്കിയിരുന്നു.

നവംബർ 26ന് ഡൽഹി അതിർത്തികൾ സ്തംഭിപ്പിച്ച് കർഷകർ ആരംഭിച്ച സമരം നാല് മാസം പിന്നിട്ടിരിക്കുകയാണ്. നിയമങ്ങൾ പിൻവലിക്കാതെ സമരമുഖത്ത് നിന്ന് പിന്മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് കർഷക സംഘടനകൾ. 

Tags:    
News Summary - Supreme Court-Appointed Panel Submits Report On Farm Laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.