കേന്ദ്രത്തിനെതിരെ വിധിപറഞ്ഞ മലയാളി ജഡ്ജിയുടെ പേരുവെട്ടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും കനത്ത തിരിച്ചടിയായ വിധിയിലൂടെ ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കി വിധി പുറപ്പെടുവിച്ച മലയാളിയായ ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ളവരുടെ പട്ടികയില്‍നിന്ന് വെട്ടിമാറ്റി. 

സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്‍െറ നേതൃത്വത്തിലുള്ള കൊളീജിയം നടപടിക്കെതിരെ അംഗമായ മുതിര്‍ന്ന ജഡ്ജി വിയോജനക്കുറിപ്പ് രേഖാമൂലം അയച്ചുകൊടുത്തു. സാധാരണ ഗതിയില്‍ ഇത്തരം വിയോജിപ്പുകള്‍ വാക്കാല്‍ പ്രകടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. 
അതീവ ഗുരുതരമായ വിമര്‍ശനങ്ങള്‍ അടങ്ങുന്നതാണ് ജസ്റ്റിസ് ചെലമേശ്വറിന്‍െറ വിയോജനക്കുറിപ്പ്. മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത യോഗ്യതയും പ്രാപ്തിയുമുള്ള മികച്ച ജഡ്ജിയായ ജസ്റ്റിസ് ജോസഫിനെ പുതിയ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ നയിക്കുന്ന കൊളീജിയം ഒഴിവാക്കിയത് അംഗീകരിക്കാന്‍ കഴിയില്ളെന്ന് വിയോജനക്കുറിപ്പില്‍  ജസ്റ്റിസ് ചെലമേശ്വര്‍ ചുണ്ടിക്കാട്ടി. സുപ്രീംകോടതി ജഡ്ജിയാക്കാന്‍ പ്രാപ്തനായ കുറ്റമറ്റ സത്യനിഷ്ഠയുള്ള ശ്രദ്ധേയനായ ജഡ്ജിയാണ് ജസ്റ്റിസ് കെ.എം. ജോസഫ്. ഇത്രയും വിശിഷ്ടനായ ഒരു ജഡ്ജിയെ സുപ്രീംകോടതി ജഡ്ജിയാക്കാതിരിക്കുക വഴി അനാരോഗ്യകരമായ കീഴ്വഴക്കത്തിനാണ്  സുപ്രീംകോടതി കൊളീജിയം തുടക്കമിടുന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ മുന്നറിയിപ്പു നല്‍കി. 

ജസ്റ്റിസ് ജോസഫ് അടക്കം മുന്‍ കൊളീജിയം ശിപാര്‍ശ ചെയ്ത അഞ്ച് പേരുകള്‍ വെട്ടിമാറ്റിയ ഫയല്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ജസ്റ്റിസ് ചെലമേശ്വറിന് സമര്‍പ്പിച്ചത്. സുതാര്യത ഇല്ളെന്ന് കുറ്റപ്പെടുത്തി കൊളീജിയം യോഗത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ പങ്കെടുക്കാത്തതുകൊണ്ടാണ് ഫയല്‍ അയച്ചുകൊടുത്തത്. ഇതിലാണ് ജസ്റ്റിസ് ചെലമേശ്വറിന്‍െറ വിയോജിപ്പ്. ചീഫ് ജസ്റ്റിസിനെയും ജസ്റ്റിസ് ചെലമേശ്വറിനെയും കൂടാതെ ജസ്റ്റിസുമാരായ ദീപക് മിശ്രയും രഞ്ജന്‍ ഗൊഗോയിയുമാണ് കൊളീജിയത്തിലുള്ളത്. ജസ്റ്റിസ് കെ.എം. ജോസഫ് അടക്കം അഞ്ച് ജഡ്ജിമാരുടെ പേരുകള്‍ ഒഴിവാക്കിയാണ് കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡര്‍, കര്‍ണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് അബ്ദുല്‍ നസീര്‍, മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, രാജസ്ഥാന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് നവീന്‍ സിന്‍ഹ, ഛത്തിസ്ഗഢ് ഹൈകോടതി ചീഫ് ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ സുപ്രീംകോടതി ശിപാര്‍ശ തയാറാക്കിയത്.  

കേന്ദ്രസര്‍ക്കാര്‍ നിര്‍ലജ്ജം കള്ളം പറഞ്ഞുവെന്നും സുപ്രീംകോടതി നിഷ്കര്‍ഷിച്ച നിയമത്തിന് വിരുദ്ധമായിട്ടാണ് രാഷ്ട്രപതി ഭരണത്തിനുള്ള ഭരണഘടനയുടെ 356ാം അനുച്ഛേദം കേന്ദ്ര സര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ പ്രയോഗിച്ചതെന്നും വിമര്‍ശിച്ചാണ് മലയാളിയായ ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയത്. മോദി സര്‍ക്കാറിനെതിരായ വിധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കൊളീജിയം ജസ്റ്റിസ് ജോസഫിനെ സ്ഥലംമാറ്റിയെങ്കിലും അതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്നാണ് ജസ്റ്റിസ് ജോസഫ് ഉത്തരാഖണ്ഡില്‍തന്നെ തുടര്‍ന്നത്. അതിനുശേഷമാണ് ഒക്ടോബറില്‍ കൊളീജിയം ഇദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ ശിപാര്‍ശ ചെയ്തത്. 

സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും ന്യായാധിപനായിരുന്ന  ജസ്റ്റിസ് കെ.കെ. മാത്യുവിന്‍െറ മകനായ കെ.എം. ജോസഫ് 1982ലാണ് ഡല്‍ഹിയില്‍ അഭിഭാഷകനായി ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. 2004ല്‍ കേരള ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് ജോസഫ് പിന്നീട് ഉത്തരാഖണ്ഡ് ഹൈകോടതിയിലത്തെി. 2014 ജൂലൈയിലാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. കൊച്ചി കേന്ദ്രീയ വിദ്യാലയത്തിലും ചെന്നൈ ലയോള കോളജിലും എറണാകുളം ലോ കോളജിലുമായിരുന്നു വിദ്യാഭ്യാസം. 

Tags:    
News Summary - supreem court collegium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.