അഹ്മ ദാബാദ്: 270 പേർ കൊല്ലപ്പെട്ട അഹ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ രക്ഷപ്പെട്ടത് ഒരേയൊരാൾ മാത്രമാണ്. ഇന്ത്യൻ വംശജനായ വിശ്വാസ് കുമാര്‍ രമേശ് എന്ന ബ്രിട്ടീഷ് പൗരനാണ് അവിശ്വസനീയമാം വിധം രക്ഷപ്പെട്ടത്. സാരമായ പരിക്കില്ലാതെ വിശ്വാസ് കുമാർ (38) ആംബുലൻസിലേക്ക് നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോൾ, അപകടസമയത്തെ വിശ്വാസ് കുമാറിന്‍റെ മറ്റൊരു വിഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്.
അപകടത്തിന് തൊട്ടുപിന്നാലെയുള്ളതാണ് പുതിയ വിഡിയോ. പിന്നിൽ തീഗോളം ഉയരുമ്പോൾ വിശ്വാസ് കുമാർ കയ്യിൽ ഫോണുമായി നടന്നുവരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിമാനം തകർന്നുവീണ കെട്ടിടവളപ്പിൽ നിന്നാണ് വിശ്വാസ് കുമാർ പുറത്തേക്ക് നടന്നുവരുന്നത്.
ഇത് തന്റെ രണ്ടാം ജന്മമാണെന്നായിരുന്നു അഹ്മദാബാദിലെ ആശുപത്രിക്കിടക്കയിൽ നിന്ന് വിശ്വാസ് കുമാർ രമേശ് പ്രതികരിച്ചത്. താൻ ജീവനോടെ രക്ഷപ്പെട്ടു എന്ന് ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ല. പറന്നുയർന്ന് അൽപസമയത്തിനുള്ളിൽ വിമാനത്തിൽനിന്ന് എന്റെ സീറ്റ് തെറിച്ചു പോയി. അങ്ങനെയാണ് ഞാൻ രക്ഷപ്പെട്ടത് -അദ്ദേഹം പറയുന്നു.
വിമാനത്തിലെ എമർജൻസി എക്സിറ്റിനടുത്തുള്ള 11 എ സീറ്റിലാണ് വിശ്വാസ് കുമാർ ഇരുന്നിരുന്നത്. അപകട സമയത്ത് ഈ സീറ്റ് പുറത്തേക്ക് തെറിക്കുകയായിരുന്നു. 'ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. വിമാനം തകർന്ന് താഴേക്ക് പതിച്ച ആ നിമിഷങ്ങളിൽ മരണം അടുത്തെത്തിയിരിക്കുന്നുവെന്നാണ് എല്ലാവരെയും പോലെ ഞാനും ചിന്തിച്ചത്. പക്ഷേ...ഇപ്പോൾ ചുറ്റിലും നോക്കുമ്പോൾ ജീവനോടെയുണ്ടെന്ന ആ യാഥാർഥ്യം ഞാൻ മനസിലാക്കുകയാണ്. എങ്ങനെയാണ് രക്ഷപ്പെട്ടത് എന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല''-വിശ്വാസ് കുമാർ പറയുന്നു.
''റൺവേയിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിനുള്ളിലെ ലൈറ്റുകൾ പ്രകാശിക്കാൻ തുടങ്ങി. പിന്നീടത് ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറി.വിമാനത്തിന്റെ ഭാഗങ്ങൾ നിലത്തേക്കുതിർന്നു വീണു. ഞാനിരുന്ന ഭാഗവും നിലത്തുതന്നെയായിരുന്നു. എന്നാൽ വിമാനം കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഇടിച്ചില്ല. ആദ്യം ഞാൻ വിചാരിച്ചത് മരിക്കാൻ പോവുകയാണ് എന്നാണ്. പിന്നീടാണ് യാഥാർഥ്യം മനസിലാക്കിയത്. വിമാനത്തിന്റെ പ്രധാന ഭാഗമായ ഫ്യൂസേജിൽ ഒരു വിടവ് കണ്ടു. ആ വിടവ് വലുതാക്കാൻ കാലുകൊണ്ട് ഒരു ശ്രമം നടത്തി. അതിലൂടെ പുറത്തേക്ക് ഇഴഞ്ഞു നീങ്ങി''-വിശ്വാസ് പറഞ്ഞു.
'എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ചുറ്റിലും മൃതദേഹങ്ങൾ. പേടിപ്പെടുന്ന കാഴ്ചയായിരുന്നു അത്. പെട്ടെന്ന് അവിടെ നിന്ന് എഴുന്നേറ്റ് ഓടാൻ തുടങ്ങി. വിമാനത്തിന്റെ ഭാഗങ്ങൾ ഛിന്നഭിന്നമായി കിടക്കുന്നുണ്ടായിരുന്നു. ആരൊക്കെയോ എന്നെ താങ്ങിയെടുത്ത് ആംബുലൻസിൽ കയറ്റിയത് ഓർമയുണ്ട്. അവരെന്നെ ആശുപത്രിയിലേക്ക് മാറ്റി' -വിശ്വാസ് പറഞ്ഞു.
ജൂൺ 12നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് വിമാനം ടേക് ഓഫിന് പിന്നാലെ തകർന്നത്. വിമാനത്തിലുണ്ടായ 242 പേരിൽ വിശ്വാസ് കുമാർ ഒഴികെ എല്ലാവരും മരിച്ചിരുന്നു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.