മുസ്‍ലിം അധ്യാപകരെ സസ്‌പെൻഡ് ചെയ്തതിനെതിരെ സാംഗോഡ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഓഫിസിലേക്ക് മാർച്ച് നടത്തുന്ന വിദ്യാർഥികൾ

കുട്ടിയുടെ കൈപ്പിഴക്ക് കുറ്റം മുസ്‍ലിം അധ്യാപകർക്ക്; ലൗ ജിഹാദ് ആരോപിച്ച് മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ

കോട്ട (രാജസ്ഥാൻ): ഹിന്ദു വിദ്യാർഥിനിയുടെ ടി.സിയിൽ മതത്തിന്റെ കോളത്തിൽ ഇസ്‍ലാം എന്ന് രേഖപ്പെടുത്തിയത് ലൗ ജിഹാദിന്റെ ഭാഗമാണെന്നാരോപിച്ച് കോട്ട ജില്ലയി​ലെ ഗവ. സ്കൂളിലെ മൂന്ന് മുസ്‍ലിം അധ്യാപകരെ സസ്​പെൻഡ് ചെയ്ത നടപടി വിവാദമാകുന്നു. ഫിറോസ് ഖാൻ, മിർസ മുജാഹിദ്, ഷബാന എന്നീ അധ്യാപകരെയാണ് സസ്​പെൻഡ് ചെയ്തത്.

രാജസ്ഥാനിലെ ബി.ജെ.പി സർക്കാറിന്റെ വർഗീയ നടപടിക്കെതിരെ വിദ്യാർഥികളും അധ്യാപകരും രംഗത്തെത്തി. ഫോം പൂരിപ്പിക്കുമ്പോൾ മതം രേഖപ്പെടുത്തേണ്ട കോളത്തിൽ വിദ്യാർഥിനിക്ക് തന്നെ സംഭവിച്ച കൈപ്പിഴയാണ് ഒരന്വേഷണവും കൂടാതെ സ്കൂളിലെ മുസ്‍ലിം അധ്യാപകരുടെ തലയിലിട്ടതെന്ന് ’ദ വയർ’ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. 

2019ൽനടന്ന ഈ സംഭവത്തിൽ ഈ അധ്യാപകർക്കുള്ള ബന്ധം തെളിയിക്കാൻ പോലും വിദ്യാഭ്യാസ വകു​പ്പിന് കഴിഞ്ഞിട്ടില്ല. ഇതിൽ ഷബാനയാകട്ടെ, മൂന്ന് മാസം മുമ്പാണ് ഈ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട മൂന്ന് അധ്യാപകരെയും തിരിച്ചെടുക്കും വരെ തങ്ങൾ സ്കൂളിൽ വരില്ലെന്ന് വ്യക്തമാക്കി ജാതിമത ഭേദമന്യേ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്.

സർവ ഹിന്ദു സമാജ് എന്ന ഹിന്ദുത്വ സംഘടനയുടെ പരാതിയെ തുടർന്നാണ് അധ്യാപകർക്കെതി​രെ നടപടി സ്വീകരിച്ചത്. ഹിന്ദു വിദ്യാർത്ഥികളെ നമസ്‌കരിക്കാനും ഇസ്‌ലാമിലേക്ക് മതംമാറ്റാനും മൂന്ന് മുസ്‍ലിം അധ്യാപകർ നിർബന്ധിക്കുന്നതായും ചില നിരോധിത 'ജിഹാദി സംഘടനകളുമായി' ഇവർക്ക് ബന്ധമുണ്ടെന്നും ആരോപിച്ച് സംഘടന ഫെബ്രുവരി 20ന് വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന് പരാതി നൽകുകയായിരുന്നു. ഉടനടി ഫിറോസ് ഖാൻ, മിർസ മുജാഹിദ് എന്നീ അധ്യാപകരെ സസ്‌പെൻഡ് ചെയ്യാൻ മന്ത്രി ഉത്തരവിട്ടു. അധ്യാപികയായ ഷബാനക്കെതിരെ അച്ചടക്കനടപടിയും സ്വീകരിച്ചു.

"കോട്ട സംഗോഡ് പഞ്ചായത്തിലെ ഖജൂരി സീനിയർ സെക്കൻഡറി സ്‌കൂളിലെ ഒരു ഹിന്ദു പെൺകുട്ടിയുടെ മതം ട്രാൻസ്ഫർ സർട്ടിഫിക്കറ്റിൽ ഇസ്‍ലാം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മതപരിവർത്തന, ലവ് ജിഹാദ് ഗൂഢാലോചനയുടെ ഭാഗമാണിത്. ഹിന്ദു പെൺകുട്ടികളെ അവിടെ നമസ്‌കരിക്കാൻ നിർബന്ധിക്കുന്നുണ്ട്. ഇത് എന്റെ ശ്രദ്ധയിൽപ്പെട്ടയുടൻ മൂന്ന് അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനിച്ചു. ഫിറോസ് ഖാൻ, മിർസ മുജാഹിദ് എന്നീ രണ്ട് അധ്യാപകരെ തുടർ നടപടിക്കായി സസ്‌പെൻഡ് ചെയ്തു. ഷബാനയ്‌ക്കെതിരെ കേസെടുത്തു. വിശദമായ അന്വേഷണത്തിന് ശേഷം ഞാൻ അവർക്കെതിരെ കർശന നടപടിയെടുക്കും. ആവശ്യമെങ്കിൽ ഞാൻ അവരെ പിരിച്ചുവിടും’ -എന്നാണ് ഇതുസംബന്ധിച്ച് മന്ത്രി ദിലാവർ വിഡിയോ സന്ദേശത്തിൽ പറഞ്ഞത്.

തീവ്ര ഹിന്ദുത്വ സംഘനയുടെ പരാതി കിട്ടിയ ഉടൻ പ്രാഥമിക അന്വേഷണം പോലുമില്ലാതെയാണ് മന്ത്രി ശിക്ഷാ നടപടി സ്വീകരിച്ചത്. കടുത്ത ആർഎസ്എസ് പശ്ചാത്തലമുള്ള മന്ത്രി തന്റെ ഹിന്ദുത്വ പ്രതിച്ഛായ ഉയർത്തിപ്പിടിക്കാനാണ് ഇഉത്ര തിടുക്കത്തിൽ നടപടി സ്വീകരിച്ചതെന്ന് ദ ക്വിന്റ് റിപ്പോർട്ടിൽ പറഞ്ഞു. ശരിയായ അന്വേഷണമില്ലാതെ മുസ്‍ലിം അധ്യാപകർക്കെതിരെ നടപടിയെടുത്തത് പ്രതിഷേധാർഹമാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.

ആരോപണങ്ങൾ നിഷേധിച്ച് സഹപ്രവർത്തകരും വിദ്യാർഥികളും

മുസ്‍ലിം അധ്യാപകർക്കെതിരായ ആരോപണങ്ങൾ സഹപ്രവർത്തകരും പ്രദേശത്തെ ഭൂരിഭാഗം ആളുകളും തള്ളിക്കളഞ്ഞു. ഈ അധ്യാപകർക്കെതിരെ ആരോപിക്കപ്പെട്ട കാര്യങ്ങൾ കേട്ടുകേൾവിയില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് സ്‌കൂളിലെ ജീവനക്കാരും സ്‌കൂൾ മാനേജ്‌മെൻറ് വികസന കമ്മിറ്റി അംഗങ്ങളും സ്ഥിരീകരിച്ചു. സ്കൂളിലെ 15 അധ്യാപകരിൽ നടപടി നേരിട്ട മൂന്ന് പേർ മാത്രമാണ് മുസ്‍ലിംകൾ. മന്ത്രിയുടെയും ഹിന്ദുത്വ സംഘടനയുടെയും ആരോപണങ്ങൾ ഹിന്ദുക്കളായ ബാക്കി 12 അധ്യാപകരും നിഷേധിച്ചു. സസ്‌പെൻഡ് ചെയ്യപ്പെട്ട അധ്യാപകർ നമസ്‌കാരം, ലൗ ജിഹാദ്, മതപരിവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്ന് അധ്യാപകർ വിദ്യാഭ്യാസ വകുപ്പിന് അയച്ച പ്രത്യേക കത്തിൽ വ്യക്തമാക്കി.

മുസ്‍ലിം അധ്യാപകരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികളും രംഗത്തിറങ്ങി.  അധ്യാപകരുടെ സസ്‌പെൻഷൻ പിൻവലിച്ച ശേഷം മാത്രമേ സ്കൂളിൽ പോകൂ എന്ന് ഇവർ പറയുന്ന വിഡിയോ മാധ്യമങ്ങൾ പുറത്തുവിട്ടു. ‘ഞങ്ങളുടെ അധ്യാപകരുടെ സസ്‌പെൻഷൻ പിൻവലിച്ച ശേഷം മാത്രമേ ഞങ്ങൾ പഠിക്കാൻ പോകൂ. ഞങ്ങളുടെ അധ്യാപകരെ എന്ത് വിലകൊടുത്തും തിരികെ കൊണ്ടുവരണം" -വിദ്യാർഥികൾ പറയുന്നു. ഫെബ്രുവരി 26ന് ഖജൂരി ഗ്രാമത്തിലെ നിരവധി വിദ്യാർത്ഥികൾ സസ്‌പെൻഷനെതിരെ സാംഗോഡ് ടൗണിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി.

അധ്യാപകർക്കെതിരെ കള്ളമൊഴി നൽകാൻ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയ ഹിന്ദുത്വ സംഘടന തങ്ങളെ നിർബന്ധിച്ചതായി ചില വിദ്യാർത്ഥികൾ വെളിപ്പെടുത്തി. സസ്‌പെൻഡ് ചെയ്യപ്പെട്ട അധ്യാപകർ സ്‌കൂളിൽ നമസ്‌കരിക്കാറുണ്ടായിരുന്നുവെന്ന് ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ച വിദ്യാർഥി, അധ്യാപകരെ കള്ളക്കേസിൽ കുടുക്കാൻ തന്നെ നിർബന്ധിച്ചതാണെന്ന് പിന്നീട് വ്യക്തമാക്കി. അധ്യാപകർക്കെതിരെ പരാതിയില്ലെന്നും അവരെ ഉടൻ തിരിച്ചെടുക്കണമെന്നും ഈ കുട്ടി ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസമന്ത്രി നടത്തുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകരും മുസ്‍ലിം സംഘടനകളും ആരോപിച്ചു. ജയ്പൂരിലെ സ്‌കൂളുകളിൽ തട്ടം നിരോധിച്ചതിനും രാജസ്ഥാനിലുടനീളമുള്ള സ്‌കൂളുകളിൽ സൂര്യ നമസ്‌കാരം നിർബന്ധമാക്കിയതിനും പിന്നാലെയാണ് പുതിയനീക്കം.

മന്ത്രി ദിലാവർ നേരത്തെ ക്രിസ്ത്യൻ സ്കൂളുകളെ ലക്ഷ്യമിട്ടു

കോട്ടയിലെ ഇമ്മാനുവൽ മിഷൻ ഇൻറർനാഷണൽ (ഇഎംഐ) എന്ന ക്രിസ്ത്യൻ സംഘടനയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറ്റെടുക്കാൻ 2006-ൽ സാമൂഹ്യക്ഷേമ മന്ത്രിയായിരിക്കെ ദിലാവർ നടത്തിയ ശ്രമം വിവാദമായിരുന്നു. ഇഎംഐ സ്‌കൂളുകളും സൊസൈറ്റികളും മതപരിവർത്തന കേന്ദ്രങ്ങളാണെന്ന് ആരോപിച്ചായിരുന്നു നടപടി. രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ചെങ്കിലും പിന്നീട് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിലൂടെ അവ പുനഃസ്ഥാപിച്ചു.


Tags:    
News Summary - Students Protest Against Suspension of Muslim Teachers – Reject “Conversion” and “Love- Jihad” Allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.