ന്യൂഡൽഹി: ഡൽഹിയിൽ പിടികൂടിയ തെരുവുനായ്ക്കളിൽ പേവിഷബാധയേറ്റതും അപകടകാരികളായതുമല്ലാത്തവയെ വാക്സിനേഷൻ നൽകി വിട്ടയക്കണമെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു.
നായ്ക്കളെ അഭയകേന്ദ്രങ്ങളിൽനിന്ന് തുറന്നുവിടരുതെന്ന ആഗസ്റ്റ് 11ലെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് കഠിനമെന്ന് വ്യക്തമാക്കി സ്റ്റേ ചെയ്താണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. ഡൽഹിക്ക് പുറത്ത് രാജ്യമൊട്ടാകെയുള്ള തെരുവുനായ്ക്കളുടെ കേസുകളും വിവിധ ഹൈകോടതികളിൽനിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റാൻ ബെഞ്ച് നിർദേശിച്ചു.
ചട്ടപ്രകാരം വാക്സിനേഷൻ നടത്തിയ തെരുവുനായ്ക്കളെ എവിടെ നിന്നാണോ പിടികൂടിയത് അവിടെ വിട്ടയക്കണം. അതേസമയം പൊതു ഇടങ്ങളിൽ തെരുവുനായ്ക്കൾക്ക് തീറ്റ കൊടുക്കരുത് എന്നും അതിനായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. അതേസമയം ചട്ടപ്രകാരം തെരുവുനായ്ക്കളെ പിടികൂടുന്നതിൽനിന്ന് മുനിസിപ്പൽ അധികൃതർക്ക് ആരും തടസ്സം നിൽക്കരുതെന്ന് കോടതി ഓർമിപ്പിച്ചു.
തെരുവുനായ്ക്കളെ ദത്തെടുക്കണമെങ്കിൽ മൃഗസ്നേഹികൾക്ക് മുനിസിപ്പൽ അധികൃതരെ സമീപിക്കാം. ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ച പട്ടി സ്നേഹികളായ ഓരോ വ്യക്തിയും ഓരോ സർക്കാറേതര സംഘടനയും യഥാക്രമം 25000 രൂപയും രണ്ടുലക്ഷം രൂപയും വീതം സുപ്രീംകോടതി രജിസ്ട്രിയിൽ കെട്ടിവെക്കണം. മുനിസിപ്പാലിറ്റികളിൽ തെരുവുനായ്ക്കൾക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഈ തുക ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.