ന്യൂഡൽഹി: ഡൽഹിയിലെ തെരുവുനായ പ്രശ്നത്തിൽ രണ്ടംഗ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. തെരുവിൽ നിന്ന് പിടികൂടുന്ന നായകളെ ഷെൽറ്റർ ഹോമിലേക്ക് മാറ്റണമെന്നും പിന്നീട് പുറത്ത് വിടരുതെന്നുമായിരുന്നു സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി. ഇതാണ് കോടതി സ്റ്റേ ചെയ്തത്.
ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി അൻജാരിയ എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. ഡൽഹിയിലെ തെരുവുകളിൽ നിന്ന് പിടികൂടുന്ന നായകളെ വന്ധ്യംകരണം നടത്തി തിരികെ വിടണമെന്നാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. റാബീസ് ബാധയുള്ളവ, റാബീസിന് സാധ്യതയുള്ള നായ്കൾ, അക്രമണ സ്വഭാവമുള്ളവ എന്നിവയെ പുറത്തുവിടരുതെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ തെരുവുനായ്കൾക്ക് ഭക്ഷണം നൽകുന്നത് സുപ്രീംകോടതി നിരോധിച്ചു. ഇതിനായി പ്രത്യേക കേന്ദ്രങ്ങൾ തുറക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. എ.ബി.സി നിയമപ്രകാരം തെരുവുനായ്ക്കളെ പിടിക്കുന്നത് തടയാൻ ആർക്കും അവകാശമില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈകോടതികളുടെ പരിഗണനയിലുള്ള ഹരജികൾ സുപ്രീംകോടതിയിലേക്ക് മാറ്റി ഇക്കാര്യത്തിൽ ദേശീയനയം രുപീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
ഡൽഹിയിലെ എല്ലാ തെരുവ് നായ്ക്കളെയും എട്ട് ആഴ്ചയ്ക്കുള്ളിൽ പിടികൂടി ബന്ധപ്പെട്ട അധികാരികൾ സ്ഥാപിക്കുന്ന പ്രത്യേക ഷെൽട്ടറുകളിൽ പാർപ്പിക്കാൻ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഒരിക്കൽ ഷെൽട്ടറിൽ പാർപ്പിച്ച തെരുവ് നായയെ വീണ്ടും തെരുവിലേക്ക് വിടരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.
പൊതു ഇടങ്ങളിൽ നിന്ന് നായ്ക്കളെ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, നിശ്ചിത സമയപരിധിക്കുള്ളിൽ മതിയായ ഷെൽട്ടർ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് മുനിസിപ്പൽ സ്ഥാപനങ്ങളോടും മറ്റ് ഏജൻസികളോടും ഏകോപിച്ച് പ്രവർത്തിക്കാൻ സുപ്രീംകോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.