സു​പ്രീം​കോ​ട​തി​

തെരുവുനായ പ്രശ്നം: എല്ലാ ചീഫ് സെക്രട്ടറിമാരും ഹാജരാകണം, വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നു -സുപ്രീംകോടതി

ന്യൂഡൽഹി: തെരുവുനായ വിഷയത്തിലെ നോട്ടീസിന് കേന്ദ്രമടക്കം മറുപടി നൽകാത്തതിന് വിമർശനവുമായി സുപ്രീംകോടതി. സർക്കാറുകളുടെ നിസംഗതയിൽ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി, എല്ലാ ചീഫ് സെക്രട്ടറിമാർക്കും ഹാജരാകാൻ നിർദേശം നൽകി.

തെരുവുനായ ആക്രമണം സംബന്ധിച്ച് രണ്ടുമാസം മുമ്പ് നൽകിയ നോട്ടീസിന് തെലങ്കാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളും ഡൽഹി മുനിസിപ്പൽ കോപറേഷനും മാത്രമാണ് മറുപടി സമർപ്പിച്ചത്. ഇതോടെ കേരളമടക്കം സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകേണ്ടിവരും. ‘രണ്ട് മാസം അനുവദിച്ചു... എന്നിട്ടും മറുപടി നൽകിയില്ല. നിങ്ങൾ പത്രം വായിക്കാറില്ലേ? ആഗസ്റ്റ് 22ന് പുറപ്പെടുവിച്ച ഉത്തരവ് എല്ലാവരും റിപ്പോർട്ട് ചെയ്തിരുന്നല്ലോ...’ -കോടതി പറഞ്ഞു.

ഏതെങ്കിലും വ്യക്തിയോ സംഘടനയോ തെരുവ് നായ്ക്കളെ പിടികൂടുന്നതിൽ നിന്ന് അധികൃതരെ തടഞ്ഞാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. തെരുവ് നായ്ക്കളെ പിടികൂടാൻ അധികൃതർ പ്രത്യേക സേന തന്നെ രൂപീകരിക്കാൻ സാധിക്കുമെന്ന് കോടതി വ്യക്തമാക്കി.

തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ അസാധാരണ നടപടി. ജൂലൈ 28 ന് ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ത, ജസ്റ്റിസ് എൻ.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. 

Tags:    
News Summary - Stray dog ​​issue: Supreme Court ordered to appear all Chief Secretaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.