M K Stalin
‘ജ്യോതിഷികൾക്കും കോർപറേറ്റുകൾക്കും അനുസരിച്ച് പ്രവർത്തിക്കുന്നു’; വിജയ് സർക്കാരിനെതിരെ സ്റ്റാലിൻ
കോയമ്പത്തൂർ: തമിഴ്നാട്ടിലെ വിജയ് സർക്കാരിനെതിരെ വിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം കോർപറേറ്റ് താൽപര്യങ്ങൾക്കും ജ്യോതിഷികൾക്കും അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. പെരിയാർ അറിവകം കെട്ടിടത്തിന്റെ പൂർത്തീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഎംകെ ഭരണകാലത്ത് വികസന റാങ്കിങ്ങിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തായിരുന്ന തമിഴ്നാട്, ടിവികെ സർക്കാർ അധികാരത്തിലെത്തി അഞ്ച് മാസത്തിനുള്ളിൽ പിന്നോട്ടുപോയെന്ന് സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ സർക്കാർ നടപ്പാക്കിയിരുന്ന നിരവധി ക്ഷേമപദ്ധതികൾ പുതിയ സർക്കാർ നിർത്തലാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
ജ്യോതിഷി നിർദേശിച്ച തീയതിയിലാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പെരിയാർ അറിവകം ഉദ്ഘാടനം ചെയ്തതെന്നും പറഞ്ഞു. സർക്കാർ അധികാരത്തിലെത്തി ഒരു മാസത്തിനുള്ളിൽ വൈദ്യുതി പ്രതിസന്ധി തുടങ്ങിയെന്നും സാധാരണ നിരക്കിന്റെ ഇരട്ടി വിലക്ക് വൈദ്യുതി വാങ്ങുകയാണെന്നും അദ്ദേഹം വിമർശിച്ചു.
കൊലപാതകങ്ങൾ, ലഹരിമരുന്ന് പ്രവർത്തനങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ എന്നിവ സംസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്നുവെന്നും തേനി, കോയമ്പത്തൂർ, ചെന്നൈ ജയിലുകളിൽനിന്ന് തടവുകാർ രക്ഷപ്പെട്ട സംഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ മന്ത്രി കെ.എൻ. നെഹ്റുവിന്റെ വസതിയിൽ തുടർച്ചയായി റെയ്ഡ് നടത്തുന്നത് സർക്കാരിന്റെ വീഴ്ചകളിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണെന്നും പറഞ്ഞു. മുഖ്യമന്ത്രിയെ ‘അങ്കിൾ വിജയ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.