അസമിൽ കുടിയൊഴിപ്പിക്കൽ തുടരുമെന്ന് ഹിമന്ത ബിശ്വ ശർമ ; അൽ ജസീറയുടെ വീഡിയോ പങ്കുവെച്ചാണ് ഭീഷണി
ഗുവാഹത്തി: അസമിൽ സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ച് നടത്തുന്ന ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ധുബ്രി ജില്ലയിൽ നൂറുകണക്കിന് മുസ്ലിം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. അനധികൃത കൈയേറ്റങ്ങൾ മുഴുവൻ തിരിച്ചുപിടിക്കുന്നത് വരെ ഇത്തരം നടപടികൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അൽ ജസീറ പ്രസിദ്ധീകരിച്ച ഇത് സംബന്ധിച്ച വീഡിയോ പങ്കുവെച്ചാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്.
നവംബർ ഒന്നിനാണ് ധുബ്രി ജില്ലയിലെ ഗൗരിപൂർ മേഖലയിൽ വൻ ഒഴിപ്പിക്കൽ നടന്നത്. 215 ഏക്കറോളം വരുന്ന സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനായി 550ഓളം കുടുംബങ്ങളുടെ വീടുകളും മറ്റ് കെട്ടിടങ്ങളും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. ബംഗാളി സംസാരിക്കുന്ന മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ് ഈ പ്രദേശത്ത് താമസിച്ചിരുന്നവരിൽ ഭൂരിഭാഗവും. നടപടിയെ തുടർന്ന് ഏകദേശം 4,500 ഓളം ആളുകൾക്ക് വീട് നഷ്ടമായി.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നവംബർ മൂന്നിനാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. ‘ഇനിയും വരാനിരിക്കുന്നതേയുള്ളൂ. നമ്മുടെ ഭൂമിയുടെ ഓരോ ഇഞ്ചും തിരിച്ചുപിടിക്കുന്നതുവരെ ഞങ്ങൾ നിർത്തില്ല,’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
2021ൽ ഹിമന്ത ബിശ്വ ശർമ സർക്കാർ അധികാരത്തിലെത്തിയതുമുതൽ അസമിൽ വ്യാപകമായി ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നുണ്ട്. ഒട്ടേറെ കുടുംബങ്ങളെ തെരുവിലാക്കുന്ന ഇത്തരം നടപടികൾക്കെതിരെ വിമർശനം ശക്തമാണ്. വീട് നഷ്ടപ്പെടുന്നവർക്ക് അടിയന്തരമായി പുനരധിവാസവും താമസസൗകര്യവും ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.