ഭരണമാറ്റം ഉണ്ടാകേണ്ടത് തെരഞ്ഞെടുപ്പിലൂടെ, കലാപത്തിലൂടെയല്ല; ജന്തർമന്തർ പ്രക്ഷോഭത്തിൽ ആര്‍എസ്എസ് മേധാവി
ഇൻഡോർ: രാജ്യത്തെ യുവാക്കളെ ചില ആഭ്യന്തര, ബാഹ്യ അരാജക ശക്തികൾ തെറ്റായി സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. അടിയന്തരമായി ഭരണമാറ്റം ഉണ്ടാകേണ്ടത് അക്രമങ്ങളിലൂടെയോ അശാന്തിയിലൂടെയോ അല്ല, മറിച്ച് തെരഞ്ഞെടുപ്പിലൂടെ മാത്രമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസിന്റെ മുഖ്യ സംഘടനാ വിഭാഗമായ അഖില ഭാരതീയ കാര്യകാരി മണ്ഡലത്തിന്റെ വാർഷിക യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന എസ്ഐആറിനെ ഹോസബാലെ ന്യായീകരിച്ചു. കുറ്റമറ്റ വോട്ടർ പട്ടിക ഉറപ്പുവരുത്താൻ ഇത് അത്യന്താപേക്ഷിതമാണെന്നും, പ്രതിപക്ഷം പ്രതിഷേധിക്കുന്നതിന് മുമ്പ് വിഷയം ആഴത്തിൽ പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി ജന്തർമന്തറിൽ അടുത്തിടെ നടന്ന ജെൻ സി പ്രക്ഷോഭത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം അരാജക ശക്തികളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള ചില ശക്തികൾ യുവാക്കളെ തെറ്റായ വഴിക്ക് നയിക്കാൻ ഗൂഢാലോചന നടത്തുന്നുണ്ട്. എങ്കിലും, സമൂഹവും സർക്കാരും യുവാക്കളുടെ ആശങ്കകളേയും ആഗ്രഹങ്ങളേയും ഗൗരവമായി കാണണമെന്നും അവരുമായി ചർച്ചകൾ നടത്താൻ സംഘം ആവശ്യപ്പെടുന്നുണ്ടെന്നും ഹൊസബാള വ്യക്തമാക്കി.
ജനാധിപത്യ വ്യവസ്ഥയിൽ ഭരണമാറ്റം സംഭവിക്കേണ്ടത് തെരഞ്ഞെടുപ്പിലൂടെ മാത്രമാണ്. ഭരണമാറ്റത്തിന്റെ പേരിൽ അശാന്തിയും കലാപങ്ങളും വിദ്വേഷവും ഉണ്ടാക്കുന്നത് സമൂഹത്തിന്റെ താൽപര്യത്തിന് ഹാനികരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ഐ.ആറിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിൽ അദ്ദേഹം അത്ഭുതം രേഖപ്പെടുത്തി. ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് അവരവരുടെ അജണ്ടകൾക്കനുസരിച്ച് പ്രവർത്തിക്കാം. എന്നാൽ വെറുതെ പ്രതിഷേധിക്കണമെന്ന ഒരു ലക്ഷ്യത്തോടെ മാത്രം സമരത്തിനിറങ്ങാതെ, വിഷയത്തിൽ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന് പ്രതിപക്ഷ നേതാക്കൾ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടർ പട്ടിക ശുദ്ധീകരിക്കുക എന്നതാണ് എസ്ഐആറിന്റെ യഥാർഥ ലക്ഷ്യം. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ ഏറെയും ഇതിനകം മരണപ്പെട്ടവരോ അല്ലെങ്കിൽ ഒരേസമയം രണ്ട് സ്ഥലങ്ങളിൽ വോട്ടുള്ളവരോ ആണ്.
ഇന്ത്യൻ പൗരന്മാരല്ലാത്തവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്ത് ഇത്തരം പരിഷ്കരണങ്ങൾ മുമ്പും സാധാരണയായി നടന്നിട്ടുള്ളതാണെന്നും, ഈ വിഷയത്തിൽ എന്തിനാണ് വെറുതെ രാഷ്ട്രീയം കളിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ഹൊസബാലെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.