`എഫ്ഐആറുകൾ പിൻവലിക്കാൻ ഡൽഹി പൊലീസ്'; നീക്കം സ്വാഗതാർഹമെന്ന് സിജെപി
ന്യൂഡൽഹി: പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ രജിസ്റ്റർ ചെയ്ത 13 എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് സുപ്രീം കോടതിയെ സമീപിച്ചതിനെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ചീഫ് വക്താവ് സൗരവ് ദാസ്. സർക്കാരുമായി നടത്തിയ നിരന്തരമായ ചർച്ചകളുടെ ഫലമായാണ് ഇപ്പോഴത്തെ നടപടിയെന്നും അദ്ദേഹം പ്രതികരിച്ചു.
13 കേസുകളിലും തുടർനടപടികൾ വേണ്ടെന്ന നിലപാടാണ് പൊലീസ് സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നതെന്ന് ദാസ് പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അസാധാരണ അധികാരം വിനിയോഗിച്ച് ഇവ റദ്ദാക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം.
നിയമനടപടി നേരിടുന്നവർക്കൊപ്പം തുടക്കം മുതൽ പാർട്ടി ഉറച്ചുനിന്നിട്ടുണ്ടെന്നും ഒരു യുവാവിനെയും ഒറ്റക്കാക്കില്ലെന്നും ദാസ് വ്യക്തമാക്കി.
ജൂലൈ 25ന് ലഭിച്ച ഉറപ്പുകൾക്ക് പിന്നാലെ കേസുകൾ പിൻവലിക്കുന്നതും നഷ്ടപരിഹാരം നൽകുന്നതും സംബന്ധിച്ച് സർക്കാരുമായി ഉന്നതതല ചർച്ചകൾ നടന്നുവരികയാണ്. സർക്കാർ പ്രതിനിധികൾ പുതുച്ചേരിയിലെത്തി അദ്ദേഹവുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായും സൗരവ് ദാസ് അറിയിച്ചു.
വിഷയം സുപ്രീം കോടതി പരിഗണിക്കുമ്പോൾ താനും സി.ജെ.പിയിലെ മറ്റ് അംഗങ്ങളും ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. തുടർനടപടികൾ പാർട്ടി നിരീക്ഷിച്ചുവരികയാണ്.
സെപ്റ്റംബർ 5ന് ഇന്ത്യാ ഗേറ്റിൽ നിന്ന് പൊലീസ് ആസ്ഥാനത്തേക്ക് സമാധാനപരമായ മാർച്ച് നടത്താൻ സി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതിഷേധങ്ങൾക്കിടെ അക്രമം നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിഷയം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഉന്നയിച്ചത്.
ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം വിനിയോഗിച്ച് കേസുകൾ അവസാനിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. വിഷയത്തിൽ സുപ്രീം കോടതി സെപ്റ്റംബർ 1ന് വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.