ബംഗളൂരു: സോഷ്യലിസ്റ്റ് നേതാവും സാമൂഹിക പ്രവർത്തകനുമായ പി.എ. മല്ലേഷ് (89) അന്തരിച്ചു. വ്യാഴാഴ്ച മൈസൂരുവിലായിരുന്നു മരണം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഉടൻ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ അടുത്ത സുഹൃത്തായിരുന്നു. കഴിഞ്ഞ നവംബറിൽ സിദ്ധരാമയ്യയുടെ 75ാം പിറന്നാളിൽ മൈസൂരു രാമഗോവിന്ദ രംഗമന്ദിര ഓഡിറ്റോറിയത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സിദ്ധരാമയ്യക്കൊപ്പം അദ്ദേഹം വേദി പങ്കിട്ടിരുന്നു.
മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി കേന്ദ്ര സർക്കാർ 10 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെ വിമർശിച്ച് ഈ വേദിയിൽ മല്ലേഷ് നടത്തിയ പ്രസ്താവനയുടെ പേരിൽ അദ്ദേഹത്തിനെതിരെ മൈസൂരു ജില്ല ബ്രാഹ്മണ അസോസിയേഷൻ കുവെമ്പു നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
അദ്ദേഹത്തിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ബ്രാഹ്മണ സംഘടനകൾ പ്രതിഷേധസമരവും നടത്തി. ബി.ജെ.പി എം.പി പ്രതാപ് സിംഹയും മൈസൂരുവിലെ ബി.ജെ.പി എം.എൽ.എ എസ്.എ. രാംദാസും പ്രതിഷേധക്കാർക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. വർഗീയ അജണ്ടകൾക്കെതിരെ നിലകൊണ്ട മതേതരത്വ പ്രവർത്തകൻകൂടിയായിരുന്നു അദ്ദേഹം.
ചിത്രദുർഗയിലെ ഗുഡ്ഡഡ രംഗപ്പനഹള്ളിയിൽ ജനിച്ച അദ്ദേഹം മൈസൂർ മഹാരാജ കോളജ് വിദ്യാർഥിയായിരിക്കെതന്നെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. മൈസൂർ സർവകലാശാലയിലെ മാനസഗംഗോത്ര കാമ്പസിൽനിന്ന് കന്നടയിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ ആദ്യ ബാച്ചിലെ അംഗമായിരുന്നു.
പിന്നീട് സാമൂഹികപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ജയപ്രകാശ് നാരായണന്റെ ചിന്തകളിൽ ആകൃഷ്ടനായി. പ്രഫ. കെ. രാംദാസുമൊത്ത് സോഷ്യലിസ്റ്റ് പ്രവർത്തനങ്ങളിൽ വ്യാപൃതനായ അദ്ദേഹം ജയപ്രകാശ് നാരായണനെ കർണാടകയിൽ പര്യടനത്തിന് കൊണ്ടുവരുന്നതിൽ മുഖ്യപങ്കുവഹിച്ചു.
ചമലാപുര തെർമൽ പ്ലാന്റിനെതിരായ സമരത്തിൽ മുന്നണിയിൽ നിന്ന അദ്ദേഹം, സേവ് എൻ.ടി.എം സ്കൂൾ, സേവ് രംഗായന മൂവ്മെന്റുകളിലും സജീവമായിരുന്നു. മൈസൂരുവിൽ ഗാന്ധി വിചാര പരിഷത്ത് എന്ന മൂവ്മെന്റിനെ അദ്ദേഹം നയിച്ചിരുന്നു. കന്നട അനുകൂല ഗോകഖ് മൂവ്മെന്റിലും സജീവമായിരുന്ന അദ്ദേഹം കാവേരി സമരത്തിൽ കർണാടകയുടെ നിലപാടിനൊപ്പം നിന്നു. ദലിതർക്കും കർഷകർക്കും വനിതകൾക്കുംവേണ്ടി ശബ്ദമുയർത്തി.
കർണാടകയിൽ ഭാരത് ജോഡോ യാത്രക്കിടെ പി.എ. മല്ലേഷിന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റുകളും പുരോഗമനവാദികളുമടക്കമുള്ള സംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മല്ലേഷിന്റെ നിര്യാണത്തിൽ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ അനുശോചിച്ചു. പരേതയായ സർവമംഗളയാണ് ഭാര്യ. നാലു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.