15,000 പേർക്ക് എ.ഐ സ്കോളർഷിപ്; ഗൂഗ്ൾ, യൂട്യൂബുമായി സഹകരിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ ക്രിയേറ്റിവ് മേഖലയെ ശാക്തീകരിക്കുന്നതിനായി കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയം ദേശീയ നിർമിത ബുദ്ധി പരിശീലന പരിപാടി പ്രഖ്യാപിച്ചു. ഗൂഗ്ൾ, യൂട്യൂബ് എന്നീ മുൻനിര ടെക് കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റിവ് ടെക്നോളജിസിന്റെ (ഐ.ഐ.സി.ടി) ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ 15,000 പേർക്ക് സ്കോളർഷിപ് നൽകുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

മാധ്യമങ്ങൾ, വിനോദം, ആനിമേഷൻ, ഗെയ്മിങ്, ഡിജിറ്റൽ സ്റ്റോറി ടെല്ലിങ് എന്നീ മേഖലകളിലെ പ്രതിഭകളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ഡിജിറ്റൽ പ്രഫഷണലുകൾ, ക്രിയേറ്റർമാർ എന്നിവരെ ആധുനിക എ.ഐ സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുകയാണ് ലക്ഷ്യം.

പാഠ്യപദ്ധതി ഗൂഗ്ളും യൂട്യൂബും ചേർന്നാണ് രൂപകൽപന ചെയ്തിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

ഗൂഗ്ൾ കരിയർ സർട്ടിഫിക്കറ്റുകൾ, ഗൂഗ്ൾ ക്ലൗഡിന്റെ ജെൻ എ.ഐ ലേണിങ് സംവിധാനങ്ങൾ എന്നിവയിലൂടെ എ.ഐ സാക്ഷരതയും ഉത്തരവാദിത്തപരമായ ഉപയോഗവും പഠിപ്പിക്കുന്നതാണ് ഒന്നാമത്തെ ഘട്ടം. രണ്ടാം ഘട്ടത്തിൽ സ്റ്റോറി ടെല്ലിങ്, അത്യാധുനിക എ.ഐ ഉപകരണങ്ങൾ, യൂട്യൂബ് ബെസ്റ്റ് പ്രാക്ടീസുകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകും. ഇന്ത്യയിലെ പ്രമുഖ ക്രിയേറ്റിവ് ഹബ്ബുകൾ കേന്ദ്രീകരിച്ചായിരിക്കും ഈ ഹൈബ്രിഡ് പരിശീലനം നടപ്പിലാക്കുന്നത്.

ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിങ്, കോമിക്സ് (എ.വി.ജി.സി) എന്നീ മേഖലകളിൽ ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റാനാണ് ഈ നീക്കമെന്നും ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഓരോ വ്യക്തിയെയും സാങ്കേതികമായി ശാക്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യയുടെ ഊർജസ്വലമായ ക്രിയേറ്റിവ് സമ്പദ്‌വ്യവസ്ഥയിൽ എ.ഐ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവമെന്ന് യൂട്യൂബ് ഇന്ത്യ മാനേജിങ് ഡയറക്ടർ ഗുഞ്ജൻ സോണി വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഐ.ഐ.സി.ടിയും യൂട്യൂബും ചേർന്ന് നടത്തിയ ‘ക്രിയേറ്റ് വിത്ത് എ.ഐ’ എന്ന പ്രോഗ്രാമിന്റെ തുടർച്ചയായാണ് ഈ വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്.

Tags:    
News Summary - AI scholarship for 15,000 people; Center collaborates with Google, YouTube

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.