ലഫ്. ജനറല്‍ എസ്.കെ. സിന്‍ഹ: പ്രഗല്ഭ സൈനികന്‍, ഭരണതന്ത്രജ്ഞന്‍

ന്യൂഡല്‍ഹി: ഇന്ത്യയെ നിര്‍ണയിച്ച സൈനികവും നയതന്ത്രപരവുമായ സുപ്രധാന നീക്കങ്ങളില്‍ മുന്നിലും പിന്നിലുമായി നിലകൊണ്ട പ്രഗല്ഭ വ്യക്തിത്വമാണ് ലഫ്. ജനറല്‍ എസ്.കെ. സിന്‍ഹയുടെ മരണത്തോടെ രാജ്യത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച 92ാമത്തെ വയസ്സില്‍ ന്യൂഡല്‍ഹിയില്‍ നിര്യാതനായ ഇദ്ദേഹത്തിന് ഇന്ത്യയിലെ തലമുതിര്‍ന്ന കാരണവരെന്ന സ്ഥാനമാണ് രാജ്യം നല്‍കിയത്.

രണ്ടാംലോക യുദ്ധത്തില്‍ പങ്കാളിയായ സൈനികരില്‍ അവസാനത്തെ കണ്ണിയിലെ ഒരാളായിരുന്നു ജനറല്‍ സിന്‍ഹ. സ്വാതന്ത്ര്യത്തിന്‍െറയും വിഭജനത്തിന്‍െറയും സന്നിഗ്ധ ഘട്ടത്തില്‍ ഒരു യുവ സൈനിക ജനറലെന്ന നിലയില്‍ അദ്ദേഹത്തിന്‍െറ സംഭാവനകള്‍ രാജ്യത്തിന് വിലപ്പെട്ടതായിരുന്നു. 1947 ഒക്ടോബര്‍ കശ്മീര്‍ ഓപറേഷനിലും സുപ്രധാന പങ്കുവഹിച്ചു.

1983ല്‍ സൈനിക ആസ്ഥാനത്ത് ഉപ സൈനിക മേധാവിയായി നിയമിതനായി. ജനറല്‍ കൃഷ്ണ റാവുവിനുശേഷം സൈനിക മേധാവിയായി നിയമിതനാകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും ഇന്ദിര ഗാന്ധി സര്‍ക്കാര്‍ എ.എസ്. വൈദ്യയെയാണ് ചുമതല ഏല്‍പിച്ചത്. ഇതിനെതുടര്‍ന്ന് രാജിക്കത്തെഴുതി നല്‍കി തന്‍െറ സൈനിക ജീവിതം അദ്ദേഹം ഉപേക്ഷിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം 1990ല്‍ നേപ്പാള്‍ അംബാസഡറായി ചുമതലയേല്‍ക്കുന്നതോടെയാണ് ഭരണതന്ത്രജ്ഞനെന്ന നിലയില്‍കൂടി അദ്ദേഹം അറിയപ്പെട്ടു തുടങ്ങിയത്. 1997 മുതല്‍ 2003 കാലയളവില്‍ അസം ഗവര്‍ണറായും തുടര്‍ന്ന് 2008 വരെ കശ്മീര്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. ജമ്മു-കശ്മീരില്‍ ഗുണകരമല്ലാത്ത വഴിത്തിരിവുകള്‍ സൃഷ്ടിച്ച കാലമായിരുന്നു അദ്ദേഹം ഗവര്‍ണറായിരുന്ന സമയമെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.

സംഘ്പരിവാര്‍ ആശയങ്ങളോട് താല്‍പര്യമുള്ളയാളെന്ന് വിമര്‍ശിക്കപ്പെട്ട സിന്‍ഹ ‘ഹിന്ദു ഗവര്‍ണര്‍’ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചതെന്ന് ഇക്കാലത്ത് ആക്ഷേപമുയര്‍ന്നു. സൈനിക പൊതുജന ബന്ധത്തെക്കുറിച്ച് നിരവധി എഴുത്തുകളും അദ്ദേഹത്തിന്‍േറതായി പുറത്തുവന്നിട്ടുണ്ട്.

Tags:    
News Summary - sk-sinha-7591

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.