സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഒമ്പതിന് തീർപ്പാക്കും-സുപ്രീംകോടതി

ന്യൂഡൽഹി: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സെപ്റ്റംബർ ഒമ്പതിന് തീർപ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കാപ്പന്റെ ജാമ്യാപേക്ഷയിൽ അടുത്ത മാസം ഏഴിനകം മറുപടി നൽകാൻ ഉത്തർപ്രദേശ് സർക്കാറിന് സമയം നൽകിയാണ് ചീഫ് ജസ്റ്റിസ് ഹരജി വീണ്ടും പരിഗണിക്കുന്ന ദിവസം തന്നെ തീർപ്പാക്കുമെന്ന് അറിയിച്ചത്.

2020 ഓക്ടോബർ മുതൽ ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പൻ പോപുലർ ഫ്രണ്ടിൽ നിന്ന് 45, 000 രൂപ വാങ്ങി എന്നതാണ് ആകെ കൂടിയുള്ള ഒരു ആരോപണമെന്ന് കാപ്പന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു. പോപുലർ ഫ്രണ്ട് ഭീകര സംഘടനയോ നിരോധിത സംഘടനയോ അല്ലെന്നും സിദ്ദീഖ്കാപ്പന് സംഘടന ബന്ധമില്ലെന്നും കപിൽ സിബൽ തുടർന്നു. ആകെ കൂടി പി.എഫ്.ഐ നടത്തിയ പത്രത്തിൽ കാപ്പൻ ജോലി ചെയ്തു എന്നത് മാത്രമാണ് ബന്ധമെന്ന് സിബൽ പറഞ്ഞ​പ്പോൾ 'തേജസ്' അല്ലേ ആ പത്രം എന്ന് ചീഫ് ജസ്റ്റിസ് തിരിച്ചുചോദിച്ചു.

കേസിൽ കൂടെ അറസ്റ്റിലായ ഡ്രൈവർക്ക് ജാമ്യം കിട്ടിയെന്ന് സിബൽ ബോധിപ്പിച്ചപ്പോൾ മറ്റു രണ്ട് പേരുടെ കാര്യമെന്തായി എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അവരുടെ ഹരജികൾ ​ഹൈകോടതിക്ക് മുന്നിലാണെന്ന് സിബൽ അറിയിച്ചു.

തുടർന്ന് കേസിന്റെ കാര്യമെന്തായെന്ന് യു.പി സർക്കാറിന്റെ അഭിഭാഷക ഗരിമ പ്രസാദിനോട് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും കേസിൽ ആകെ എട്ടു പ്രതികളുണ്ടെന്നും അതിലൊരാൾ ഡൽഹി കലാപകേസിലും മറ്റൊരാൾ ബുലന്ദ്ശഹർ കലാപകേസിലും പ്രതിയാണെന്നും ഗരിമ വാദിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന ആരോപണവും അഭിഭാഷക ഉന്നയിച്ചു. അതെല്ലാം എഴുതി അടുത്ത മാസം ഏഴിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസ് യു.യു ലളിത് ഒമ്പതിന് ജാമ്യാപേക്ഷ തീർപ്പാക്കുമെന്നും അറിയിച്ചു.

Tags:    
News Summary - Siddique Kappan's bail plea will be decided on 9: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.