സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും രൺദീപ് സിങ് സുർജേവാലയും കെ.സി വേണുഗോപാലിന്റെ ഡൽഹിയിലെ 51 നമ്പര്‍ ലോധി എസ്‌റ്റേറ്റിലെ വസതിയിൽ പ്രഭാതഭക്ഷണം കഴിക്കുന്നു

സിദ്ധരാമയ്യ ഏറെ അനുഭവസമ്പത്തുള്ള നേതാവ്, ഡി.കെ. ശിവകുമാർ ഊർജസ്വലൻ -കെ.സി വേണുഗോപാൽ

കർണാടകയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ചുമതലയേൽക്കുന്ന സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും പ്രശംസിച്ച് എ.ഐ.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ഔദ്യോഗികമായി പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിദ്ധരാമയ്യ ഏറെ അനുഭവസമ്പത്തുള്ള നേതാവും കഴിവുറ്റ ഭരണാധികാരിയുമാണ്. തെരഞ്ഞെടുപ്പിൽ വിശ്രമമില്ലാതെ അദ്ദേഹം പ്രവർത്തിച്ചു. ഡി.കെ. ശിവകുമാർ കർണാടകയിൽ കോൺഗ്രസിന്റെ ഏറ്റവും ഊർജസ്വലനായ നേതാക്കളിൽ ഒരാളാണ്. വിടവുകളുള്ളിടത്തെല്ലാം ഓടിയെത്തി അദ്ദേഹം അത് പരിഹരിച്ചു. സിദ്ധരാമയ്യയും ശിവകുമാറും ചേർന്നുള്ളത് വളരെ മികച്ച കൂട്ടുകെട്ടായിരുന്നു. ഇരുവരും കർണാടകയിലെ കോൺഗ്രസിന്റെ വലിയ സമ്പത്താണ്. രണ്ടുപേർക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്. അവർക്ക് അതിന് യോഗ്യതയുമുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശിവകുമാർ പി.സി.സി അധ്യക്ഷനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമാണ് കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയം. മുതിർന്ന നേതാക്കളടക്കം എല്ലാവരും വിജയത്തിനായി കഠിനമായി പ്രയത്നിച്ചു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, ഏകാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടിയല്ല. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് നന്ദി അറിയിച്ച അദ്ദേഹത്തോട് അധികാര വീതംവെപ്പിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അധികാരം ജനങ്ങളുമായാണ് പങ്കുവെക്കുന്നതെന്നായിരുന്നു മറുപടി. അന്തിമഘട്ട ചർച്ചക്കായി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും കർണാടകയുടെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാലയും കെ.സി വേണുഗോപാലിന്റെ ഡൽഹിയിലെ 51 നമ്പര്‍ ലോധി എസ്‌റ്റേറ്റിലെ വസതിയിൽ ഒരുമിച്ചുകൂടിയിരുന്നു. നാലുപേരും ഒരുമിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. ശനിയാഴ്ച ഉച്ചക്ക് 12.30നാണ് കർണാടകയിലെ സത്യപ്രതിജ്ഞ.

Tags:    
News Summary - Siddaramaiah is an experienced leader, D.K. Sivakumar is dynamic - KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.