മണിപ്പൂരിൽ ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി; പുതിയ പൊലീസ് മേധാവിയായി ലഡാക്ക് ഡി.ജി.പി മുകേഷ് സിങിനെ നിയമിച്ചു

ഇംഫാൽ: സുരക്ഷാ വെല്ലുവിളികൾ തുടരുന്നതിനിടെ മണിപ്പൂരിൽ ഉദ്യോഗസ്ഥതലത്തിൽ കേന്ദ്ര സർക്കാറിന്‍റെ അഴിച്ചുപണി. നിലവിലെ ഡി.ജി.പി രാജീവ് സിങിനെ കാബിനറ്റ് സെക്രട്ടറി ആയി നിയമിച്ചു. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ മുകേഷ് സിങിനെ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായും നിയമിച്ചു.

എ.ജി.എം.യു.ടി കേഡറിലെ 1996 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ മുകേഷ് സിങ് നിലവിൽ ലഡാക്കിലെ ഡി.ജി.പിയായി സേവനമനുഷ്ഠിക്കുകയാണ്. ഐ.ഐ.ടി ഡൽഹിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹത്തിന് തീവ്രവാദ വിരുദ്ധ, കൗണ്ടർ ഇൻസർജൻസി പ്രവർത്തനങ്ങളിൽ പരിചയസമ്പത്തുണ്ട്. നേരത്തെ ദേശീയ അന്വേഷണ ഏജൻസിയിൽ (എന്‍.ഐ.എ) സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ജമ്മു കശ്മീരിലെ സുപ്രധാന തീവ്രവാദ ഓപ്പറേഷനുകളിൽ പങ്കാളിയായിരുന്നു.

മണിപ്പൂരിൽ വംശീയ സംഘർഷങ്ങളും ക്രമസമാധാന നിലയും ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ വളരെ പ്രാധാന്യത്തോടെയാണ് അഴിച്ചു പണിയെ സുരക്ഷാ ഉദ്യോഗസ്ഥർ വീക്ഷിക്കുന്നത്. മണിപ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലായിരുന്നു രാജീവ് സിങ് 2023 ജൂൺ ഒന്നിന് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേൽക്കുന്നത്. മെയ്തി, കുക്കി-സോ വിഭാഗങ്ങൾക്കിടയിൽ വംശീയ അക്രമങ്ങൾ കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് അന്നത്തെ പൊലീസ് മേധാവി പി. ഡൗങ്കലിന് പകരക്കാനായാണ് അദ്ദേഹം വരുന്നത്.

Tags:    
News Summary - Shuffle at the official level in Manipur; Ladakh DGP Mukesh Singh appointed as the new Police Chief.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.