തെളിവുകൾ പുറത്തുവിടൂ; രാഹുൽ ഗാന്ധിക്കെതിരായ ആരോപണത്തിൽ ബി.ജെ.പിയെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനങ്ങളെക്കുറിച്ചും കൂടിക്കാഴ്ചകളെക്കുറിച്ചുമുള്ള ബി.ജെ.പിയുടെ ആരോപണങ്ങളെ ചോദ്യം ചെയ്ത് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ഗാന്ധിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ ഖാർഗെ ബി.ജെ.പി വക്താക്കളെ വെല്ലുവിളിച്ചു. രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനത്തിനെതിരെ ബി.ജെ.പി വക്താവ് സുധാംശു ത്രിവേദി ഉന്നയിച്ച വലിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഖാർഗെയുടെ വെല്ലുവിളി. "രാഹുൽ ഗാന്ധി എന്തെങ്കിലും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിൽ രേഖകൾ കാണിക്കൂ" - ഖാർഗെ പറഞ്ഞു.

വിദേശത്ത് രാഹുൽ ഗാന്ധി ആരെയാണ് കാണുന്നതെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് അറിയില്ലേ എന്നും ഖാർഗെ ചോദിച്ചു. "രാഹുൽ ഗാന്ധി വിദേശത്ത് ആരെയാണ് കാണുന്നത് എന്നതിനെക്കുറിച്ച് അവർക്ക് ഇന്റലിജൻസ് വിവരങ്ങൾ ഇല്ലേ? നമ്മുടെ ഇന്റലിജൻസ് അത്രയ്ക്ക് ഉപയോഗശൂന്യമാണോ?" - ഖാർഗെ ചോദിച്ചു. പാർട്ടി വക്താക്കൾ വിദേശകാര്യ മന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും കാര്യക്ഷമതയെയാണ് ചോദ്യം ചെയ്യുന്നതെന്നും ഖാർഗെ പരിഹസിച്ചു. പ്രതിപക്ഷ നേതാവിന് വിദേശത്ത് എവിടെയെങ്കിലും പോയി ആളുകളെ രഹസ്യമായി കാണാൻ കഴിയുമോ എന്ന് ചോദിച്ച ഖാർഗെ, ആരോപിക്കപ്പെടുന്ന ഏതെങ്കിലും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് തെളിവ് നൽകാൻ ബി.ജെ.പിയെ വെല്ലുവിളിച്ചു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിദേശ സന്ദർശന വേളയിൽ "ചോദ്യം ചെയ്യപ്പെടേണ്ട വ്യക്തികളെ" കാണുന്നുവെന്നും രാജ്യത്ത് തിരിച്ചെത്തിയ ശേഷം ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളിൽ ഏർപ്പെടുന്നുവെന്നും വെള്ളിയാഴ്ച സുധാംശു ത്രിവേദി ആരോപിച്ചിരുന്നു. അതേസമയം വിയറ്റ്നാം യാത്ര കഴിഞ്ഞ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിൽ തിരിച്ചെത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി നവംബർ ഒന്നിന് നിശ്ചയിച്ച മഹാറാലിയുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Tags:    
News Summary - show documents if rahul gandhi indulging in some anti national activity priyank kharge slams bjp over criticism of congress leaders foreign visits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.