ശരദ് യാദവിന്‍റെ വിയോഗം പ്രതിപക്ഷ ഐക്യ സ്വപ്നം ബാക്കിവെച്ച്

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ ദേശീയ തലത്തിൽ പുരോഗമിക്കുന്നതിനിടെയാണ് മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിന്‍റെ വിയോഗം. തന്‍റെ രാഷ്ട്രീയ എതിരാളിയായ ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ ശരദ് യാദവിന്‍റെ പ്രതികരണവും പ്രതിപക്ഷ ഐക്യത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതാണ്.

ബി.ജെ.പിക്കെതിരെ പോരാടുന്നതിന് മുഴുവൻ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും പ്രതിപക്ഷ ഐക്യത്തിനാണ് ഇപ്പോൾ മുൻഗണനയെന്നുമാണ് ശരദ് യാദവ് അന്ന് നടത്തിയ പ്രതികരണം. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം നടത്തിയ ആദ്യ ഡൽഹി സന്ദർശനത്തിലാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജനതാദളിൽ (യു​നൈറ്റഡ്) നിന്ന് പുറത്താക്കപ്പെട്ട ശരദ് യാദവിനെ നിതീഷ് സന്ദർശിച്ചത്.

ബിഹാറിൽ ലാലു പ്രസാദ് യാദവിന്‍റെ ഭരണത്തിന് അറുതി വരുത്തിയ ജെ.ഡി.യുവിന്‍റെ രൂപീകരണത്തിൽ മുഖ്യ പങ്കാളികളായിരുന്നു ശരത് യാദവും നിതീഷ് കുമാറും. ജെ.ഡി.യുവിന്‍റെ ആദ്യ അധ്യക്ഷനുമായി ശരദ് യാദവ്. പിന്നീട് ബിഹാറിലെ രാഷ്ട്രീയ മാറ്റത്തിൽ ജെ.ഡി.യു കോൺഗ്രസ്, ആർ.ജെ.ഡി ഉൾപ്പെടുന്ന മഹാ ഗഡ്ബന്ധൻ സഖ്യത്തിന്‍റെ ഭാഗമായി.

2017ൽ നിതീഷ് കുമാർ മഹാ ഗഡ്ബന്ധൻ സഖ്യംവിട്ട് ബി.ജെ.പി മുന്നണിയുടെ ഭാഗമായതോടെ നിതീഷ് കുമാറും ശരദ് യാദവും രണ്ട് വഴിയിലായി. നിതീഷിന്‍റെ നീക്കത്തിൽ പതറിയ ശരദ് യാദവ് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചുവരവിന് നീക്കം തുടങ്ങി. ഇതിനിടെ, ശരദ് യാദവിന്‍റെ രാജ്യസഭ എം.പി സ്ഥാനം കൂറുമാറ്റ നിരോധന നിയമപ്രകാരം നിതീഷ് തെറിപ്പിക്കുകയും ചെയ്തു.

നേതാക്കളും അണികളും ശോഷിച്ച പാർട്ടിയെ ഒറ്റക്ക് നയിക്കാനുള്ള കരുത്ത് കുറയുകയും അസുഖം ആരോഗ്യത്തെ കീഴ്പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ശരദ് യാദവ് ലാലു പ്രസാദിന്‍റെ രാഷ്ട്രീയ ജനതാദളുമായി ലയനനീക്കത്തിനുള്ള സാധ്യത തേടി. 2022 മാർച്ച് 20ന് എൽ.ജെ.ഡിയെ ആർ.ജെ.ഡിയിൽ ലയിപ്പിച്ചു. 25 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് ഇരു പാർട്ടികളും ഒന്നിച്ചത്. എൽ.ജെ.ഡി- ആർ.ജെ.ഡി ലയനം പ്രതിപക്ഷ ഐക്യത്തിനുള്ള ആദ്യ ചുവടുവെപ്പാണെന്നാണ് ശരദ് യാദവ് ചൂണ്ടിക്കാട്ടിയത്.

Tags:    
News Summary - Sharad Yadav's death left the dream of opposition unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.