ഒ​ളി​വി​ൽ​പോ​യ ബി.​ജെ.​പി എം.​എ​ൽ.​എ മ​ദാ​ൽ

വി​രു​പ​ക്ഷ​പ്പ

ബി.ജെ.പി എം.എൽ.എ വിരുപക്ഷപ്പയെ പിടികൂടാൻ ലോകായുക്തയുടെ ഏഴു ടീം

ബംഗളൂരു: അഴിമതിക്കേസിൽ ഒന്നാം പ്രതിയായതോടെ ഒളിവിൽപോയ കർണാടക ദാവൻകരെ ചന്നഗിരിയിലെ ബി.ജെ.പി എം.എൽ.എ എം. വിരുപക്ഷപ്പയെ പിടികൂടാൻ ലേകായുക്ത ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ഏഴു സംഘം രൂപവത്കരിച്ചു. ഏഴു സംഘങ്ങൾ എം.എൽ.എയെ ട്രാക്ക് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ബംഗളൂരുവിലും ദാവൻകരെയിലുമായി ആരംഭിച്ചിട്ടുണ്ട്.

അതോെടാപ്പം എം.എൽ.എയോട് ലോകായുക്ത പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് എം.എൽ.എയുടെ ബംഗളൂരുവിലെയും ദാവൻകരെയിലെയും വസതികളിലേക്കും എം.എൽ.എ ഹൗസിലേക്കും അദ്ദേഹം ചെയർമാനായിരുന്ന കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ (കെ.എസ്.ഡി.എൽ) ഓഫിസിലേക്കും അയക്കും. അതേസമയം, വിരുപക്ഷപ്പ ചെയർമാനായിരുന്ന കെ.എസ്.ഡി.എല്ലിൽ കോടികളുടെ അഴിമതി നടന്നതായി കെ.എസ്.ഡി.എൽ ജീവനക്കാരുടെ യൂനിയൻ ആരോപണമുന്നിയിച്ചിട്ടുണ്ട്.

കെ.എസ്.ഡി.എൽ എംപ്ലോയീസ് യൂനിയൻ പ്രസിഡന്റ് ജി.ആർ. ശിവശങ്കറാണ് വാർത്തസമ്മേളനത്തിൽ ആരോപണമുന്നയിച്ചത്. കരാറുകാർക്ക് ലാഭം ലഭിക്കാൻ ഉതകുന്ന തരത്തിൽ നടത്തിയ ടെൻഡറുകൾ മൂലം കമ്പനിക്ക് സാമ്പത്തിക തിരിച്ചടിയുണ്ടായതായി അദ്ദേഹം ചുണ്ടിക്കാട്ടി. വിപണി വിലയിലും മൂന്നിരട്ടി വർധനവിലാണ് അസംസ്കൃത വസ്തുക്കൾ വാങ്ങിയിരുന്നത്. 15 ലധികം അസംസ്കൃത വസ്തുക്കൾ ഇത്തരത്തിൽ ഉയർന്ന വിലയിൽ വാങ്ങിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കർണാടക ലോകായുക്തക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ചന്നഗിരി ബി.ജെ.പി എം.എൽ.എ എം. വിരുപക്ഷപ്പയുടെ (58) ദാവൻകരെയിലെ വസതിയിൽ കഴിഞ്ഞദിവസം ലോകായുക്ത സംഘം നടത്തിയ റെയ്ഡിൽ 16.5 ലക്ഷം രൂപയും രണ്ടു കിലോയിലേറെ സ്വർണവും 26 കിലോ വെള്ളിയും കണ്ടെടുത്തിരുന്നു. കേസിൽ വിരുപക്ഷപ്പ ഒന്നാം പ്രതിയും കർണാടക അഡ്മിനിസ്ട്രേറ്റിവ് സർവിസ് ഉദ്യോഗസ്ഥനും എം.എൽ.എയുടെ മകനുമായ ബി.ഡബ്ല്യു.എസ്.എസ്.ബി ചീഫ് അക്കൗണ്ടന്റ് വി. പ്രശാന്ത് മദാൽ രണ്ടാം പ്രതിയുമാണ്. കരാറുകാരനിൽനിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ്രശാന്തിനെ ലോകായുക്ത സംഘം കൈയോടെ പിടികൂടിയിരുന്നു.

പിന്നീട് ഓഫിസിൽ നടത്തിയ പരിശോധനയിൽ 2.2 കോടി രൂപയും ഡോളേഴ്സ് കോളനിയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ 6.1 കോടി രൂപയും കണ്ടെടുത്തു. അഴിമതിക്കേസിൽ വെട്ടിലായതോടെ എം.എൽ.എ വിരുപക്ഷപ്പ കെ.എസ് ആൻഡ് ഡി.എൽ ചെയർമാൻ പദവി രാജിവെച്ചിരുന്നു. കെ.എസ്.ഡി.എല്ലിനുവേണ്ടി അസംസ്കൃത വസ്തുക്കളുടെ കരാറിനായി വിരുപക്ഷപ്പ മകൻ വഴി കൈക്കൂലി വാങ്ങുകയായിരുന്നെന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ.

Tags:    
News Summary - Seven teams of Lokayukta to arrest Virupakshappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.