ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിെനതിരായ പ്രചാരകരെ നേരിടുന്നതിന് വിവിധ നിർദേശങ്ങൾ ആവിഷ്കരിച്ച് ഒമ്പതംഗ മന്ത്രിമാരുടെ സംഘം. സർക്കാർവിരുദ്ധരെ നിശ്ശബ്ദരാക്കാനും പത്രപ്രവർത്തകരെ പ്രത്യേക നിറം നൽകി പട്ടിക തയാറാക്കാനും മന്ത്രിമാരുടെ രഹസ്യയോഗം തീരുമാനിച്ചതായുള്ള 97 പേജ് വരുന്ന രേഖ കാരവൻ പുറത്ത്വിട്ടു.
സർക്കാർവിരുദ്ധ പത്രപ്രവർത്തകരെ കറുത്ത നിറത്തിലും അനുകൂലിക്കുന്നവരെ വെളുത്ത നിറത്തിലും നിഷ്പക്ഷരെ പച്ചനിറത്തിലും അടയാളപ്പെടുത്താനാണ് നിർദേശം. കഴിഞ്ഞ വർഷം ജൂൺ 14നും ജൂലൈ ഒമ്പതിനുമിടയിൽ ആറുതവണ മന്ത്രിമാർ യോഗംചേർന്നതായും റിപ്പോർട്ടുണ്ട്. പ്രകാശ് ജാവ്ദേക്കർ, രവിശങ്കർ പ്രസാദ്, സ്മൃതി ഇറാനി, എസ്. ജയശങ്കർ, മുഖ്താർ അബ്ബാസ് നഖ്വി, കിരൺ റിജ്ജു, ഹർദീപ് സിങ് പുരി, അനുരാഗ് ഠാകൂർ, ബാബുൽ സുപ്രിയോ എന്നീ മന്ത്രിമാരാണ് സർക്കാർവിരുദ്ധ ബുദ്ധിജീവികളേയും പത്രപ്രവർത്തകരേയും നിർവീര്യമാക്കുന്നതിന് പരിപാടികൾ ആവിഷ്കരിച്ചത്. 20 മുതൽ 30 പേരാണ് പ്രധാനമായും സർക്കാർവിരുദ്ധ വികാരം ഇളക്കിവിടുന്നതെന്ന് മന്ത്രിമാരുടെ സംഘം കണ്ടെത്തിയിട്ടുണ്ട്.
അതോടൊപ്പം ലോകത്തെ എല്ലാ വലതുപക്ഷ പാർട്ടികളുമായും ബന്ധം സ്ഥാപിക്കണമെന്നും പൊതുവായ മേഖലകൾ കണ്ടെത്തണമെന്നും രേഖ നിർദേശിക്കുന്നുണ്ട്. സർക്കാറിനെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. സർക്കാറിനെ അനുകൂലിക്കുന്ന പ്രമുഖരുടെ പട്ടികയും കൂട്ടത്തിൽ തയാറാക്കിയിട്ടുണ്ട്.
ഡിജിറ്റൽ മീഡിയയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് 26 ശതമാനം പിരിധി നിശ്ചയിച്ചതും ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് മൂക്കുകയറിടാൻ തീരുമാനിച്ചതും സർക്കാറിനെതിരായ വിദേശമാധ്യമങ്ങളുെട സ്വാധീനം കുറക്കുന്നതിനാണന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ ഒരിക്കൽ അവതരിപ്പിച്ചതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.