സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്; ശിക്ഷ മുറിയിൽ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ

അഹ്മദാബാദ്: മുറിയിൽ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ടിനെ 20 വർഷത്തെ തടവു ശിക്ഷക്ക് വിധിച്ച് ഗുജറാത്തിലെ പാലൻപൂർ സെഷൻസ് കോടതി. 1996ൽ ബനസ്കന്ധ എസ്.പിയായിരുന്നപ്പോൾ രാജസ്ഥാനിലെ പാലി സ്വദേശിയായ അഭിഭാഷകൻ സുമർസിങ് രാജ്പുരോഹിത് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ 1.15 കിലോഗ്രാം മയക്കുമരുന്ന് വെച്ച് കുടുക്കിയെന്ന കേസിലാണ് അഡീഷനൽ സെഷൻസ് ജഡ്ജ് ജെ.എൻ താക്കറിന്റെ വിധി. രണ്ട് ലക്ഷം രൂപ പിഴയടക്കാനും ഉത്തരവുണ്ട്.

രാജസ്ഥാനിലെ പാലിയിൽ തർക്കത്തിലുള്ള വസ്തു കൈമാറാനുള്ള സമ്മർദത്തിന്റെ ഭാഗമായി കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു രാജസ്ഥാൻ പൊലീസിന്റെ വാദം. നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോഫിക് സബ്സ്റ്റാൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

2018ൽ ഗുജറാത്ത് ഹൈകോടതി ഉത്തരവിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) കേസ് അന്വേഷിച്ചിരുന്നത്. സംഭവം നടന്ന് 22 വർഷത്തിന് ശേഷം 2018 സെപ്റ്റംബറിലാണ് ഭട്ട് അറസ്റ്റിലാവുന്നത്. ഹരജിക്കാരനായ പൊലീസ് ഇന്‍സ്പെക്ടര്‍ ഐ.ബി. വ്യാസ് ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഭട്ടിനെതിരെ മൊഴിനല്‍കി മാപ്പുസാക്ഷിയാവുകയായിരുന്നു.

ജാംനഗറില്‍ അഡീഷനല്‍ സൂപ്രണ്ട് ആയിരിക്കെ കസ്റ്റഡിയിലെടുത്ത പ്രഭുദാസ് വൈഷ്ണവി എന്നയാള്‍ മരിച്ചത് കസ്റ്റഡി പീഡനത്തെ തുടര്‍ന്നായിരുന്നു എന്ന കേസിൽ 2018 സെപ്റ്റംബര്‍ അഞ്ചിന് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ 2019ല്‍ ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചതോടെ ജയിലിൽ കഴിയുകയാണ് ഭട്ട്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരേ സഞ്ജീവ് ഭട്ട് തെളിവ് നല്‍കിയതോടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ കണ്ണിലെ കരടാവുന്നത്. തുടർന്ന് അദ്ദേഹത്തിനെതിരായ കേസുകള്‍ ബി.ജെ.പി സർക്കാർ സജീവമാക്കുകയായിരുന്നു.

Tags:    
News Summary - Sanjiv Bhatt gets 20-year jail term in drug planting case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.