യോഗി ആദിത്യനാഥ്
ന്യൂഡൽഹി: സനാതനധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എൻ.ഡി.ടി.വി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് യോഗി ആദിത്യനാഥിന്റെ പരാമർശം. അത് മനുഷ്യത്വത്തിന്റെ മതമാണ്. ആരാധന രീതികൾ വ്യത്യസ്തമായിരിക്കാം. എന്നാൽ, മതം ഒന്നാണ്. കുംഭമേള സനാതന ധർമ്മത്തിന്റെ പ്രതീകമാണെന്നും യോഗി പറഞ്ഞു.എല്ലാ മതവും വന്നുചേരുന്ന സ്ഥലമാണ് കുംഭമേള വേദി. സംസ്കാരവും വിശ്വാസവും ഇവിടെ ഒന്നുചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വർഷവും ജനുവരി 14 മകരസംക്രാന്തിക്ക് എല്ലാവരും സ്നാനത്തിനായി എത്തുന്നു. എല്ലാ ആളുകളെയും ഒരുപോലെ സ്വീകരിക്കുക എന്നതാണ് മഹാകുംഭമേളയുടെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേളക്ക് ജനുവരി 13നാണ് തുടക്കമായത്. 45 നാൾ നീളുന്ന മേളയിൽ 40 കോടി തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷ. കുംഭമേളയുടെ ആദ്യദിന സ്നാനത്തിൽ 25 ലക്ഷത്തിലേറെപ്പേരാണ് പങ്കെടുത്തത്.
കുംഭമേള നടക്കുന്ന ദിവസങ്ങളില്‍ 3,000 സ്‌പെഷല്‍ സര്‍വീസുകളുള്‍പ്പടെ 13,000 ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ ഒരുക്കിയിട്ടുണ്ട്. സ്നാനത്തിനു വിശേഷപ്പെട്ട 6 ദിവസങ്ങളിലും തീർഥാടക പ്രവാഹമുണ്ടാകുമെന്നതിനാൽ അന്നു വിഐപികൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.