ന്യൂഡൽഹി: നിരവധി മിസൈലുകളും നിരീക്ഷണ സംവിധാനങ്ങളും വഹിക്കുന്ന റഷ്യൻ നിർമിത മിസൈൽ യുദ്ധക്കപ്പൽ ഐ.എൻ.എസ് തമാൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നു. ജൂലൈ ഒന്നിന് റഷ്യയുടെ തീര നഗരമായ കലിനിൻഗ്രാഡിലാണ് കപ്പൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമാക്കുന്നതിന്റെ കമീഷനിങ് നടക്കുക. കടലും കരയും ലക്ഷ്യമിടുന്ന ബ്രഹ്മോസ് ദീർഘദൂര ക്രൂസ് മിസൈൽ ഉൾപ്പെടെ സജ്ജമാക്കിയ യുദ്ധക്കപ്പലാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
125 മീറ്റർ നീളവും 3900 ടൺ ഭാരവുമുള്ളതാണ് ഈ കപ്പൽ. ഇന്ത്യ- റഷ്യ അത്യാധുനിക സാങ്കേതികവിദ്യകളുടെയും യുദ്ധക്കപ്പൽ നിർമാണത്തിലെ മികച്ച രീതികളുടെയും സംയോജനമായതിനാൽ ഇതിന്റെ പ്രഹരശേഷി പ്രവചനാതീതമാണെന്ന് ഇന്ത്യൻ നാവികസേന പറയുന്നു. കമീഷൻ ചെയ്തുകഴിഞ്ഞാൽ, തമാൽ ഇന്ത്യൻ നാവികസേനയുടെ പടിഞ്ഞാറൻ കപ്പൽവ്യൂഹത്തിന്റെ ഭാഗമാകും.
ഇന്ത്യൻ നാവികസേനയുടെ കൂടിയ കരുത്തിന്റെ പ്രതീകം മാത്രമല്ല, ഇന്ത്യ-റഷ്യ പങ്കാളിത്തത്തിലൂടെ സഹകരണ ശക്തിയുടെ ഉദാഹരണവുമാകുമെന്ന് ഇന്ത്യൻ നാവികസേന വക്താവ് കമാൻഡർ വിവേക് മധ്വാൾ പറഞ്ഞു. രണ്ട് പതിറ്റാണ്ടിനിടെ റഷ്യയിൽ നിന്ന് ഏറ്റെടുക്കുന്ന എട്ടാമത്തെ കപ്പലാണ് ഐ.എൻ.എസ് തമാൽ. കലിനിൻഗ്രാഡിലെ യാന്തർ കപ്പൽശാലയിലാണ് യുദ്ധക്കപ്പൽ നിർമിച്ചത്.
അതിന്റെ ഭീമാകാരമായ ആയുധ സ്യൂട്ടാണ് ഈ യുദ്ധക്കപ്പലിനെ വ്യത്യസ്തമാക്കുന്നത്. കൃത്യമായ പോർമുനയൊരുക്കാൻ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകളും വ്യോമ പ്രതിരോധത്തിനായി ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് വിക്ഷേപിക്കാവുന്ന മിസൈൽ ലോഞ്ചറും സജ്ജീകരിച്ചിരിക്കുന്നു. വെള്ളത്തിനടിയിലുള്ള ഭീഷണികളെ ഫലപ്രദമായി നേരിടാൻ പ്രാപ്തമാക്കുന്ന ആൻറി-സബ്മറൈൻ ടോർപ്പിഡോകളും റോക്കറ്റ് ലോഞ്ചറുകളും കപ്പലിൽ ഉണ്ട്.
സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നതിനാൽ റഡാറിലൂടെ ശത്രുവിന്റെ കണ്ണിൽപ്പെടാതെ പ്രവർത്തിക്കാനാകും. നാവിക യുദ്ധത്തിന്റെ നാല് മേഖലകളിലും- വായു, ഉപരിതലം, ഭൂഗർഭം, ഇലക്ട്രോണിക് - പ്രവർത്തിക്കാൻ സജ്ജമായാണ് ഐ.എൻ.എസ് തമാൽ പോരാട്ടത്തിന്റെ നീരാട്ടിനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.