രാജ്നാഥ് സിങ്
ന്യൂഡൽഹി: ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതാണ് പാകിസ്താന്‍റെ തീരുമാനങ്ങളെന്ന രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രംഗത്ത്. ജനങ്ങളിൽനിന്ന് നികുതി പിരിച്ച 14 കോടി രൂപ അന്താരാഷ്ട്ര ഭീകരനായ മസൂദ് അസ്ഹറിന് നൽകുകയാണെന്നും ഇന്ത്യ തകർത്ത ഭീകരകേന്ദ്രങ്ങൾ പുനർനിർമിക്കാൻ പാകിസ്താൻ സഹായം നൽകുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യയുടെ എതിർപ്പ് മറികടന്ന് പാകിസ്താന് വായ്പയുടെ രണ്ടാം ഗഡുവും നൽകിയ അന്താരാഷ്ട്ര നാണ്യനിധിയുടെ തീരുമാനത്തെയും പ്രതിരോധമന്ത്രി വിമർശിച്ചു.
“അന്താരാഷ്ട്ര ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ജയ്ശെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്, ജനങ്ങളിൽനിന്ന് നികുതി പിരിച്ച 14 കോടി രൂപ നൽകാനൊരുങ്ങുകയാണ് പാകിസ്താൻ. മുരിദ്കെയിലും ബഹാവൽപുരിലും ഇന്ത്യ തകർത്ത ജയ്ശെ മുഹമ്മദിന്‍റെയും ലശ്കറെ തയ്യിബയുടെയും ഭീകരകേന്ദ്രങ്ങൾ പുനർനിർമിക്കാൻ പാക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് പറഞ്ഞിരിക്കുകയാണ്. പാകിസ്താന് ഐ.എം.എഫ് നൽകുന്ന ധനസഹായം ഭീകരതക്കുള്ള പരോക്ഷ ഫണ്ടിങ്ങാണ്. പാകിസ്താനെ സഹായിക്കാനുള്ള തീരുമാനം ഐ.എം.എഫ് പുനഃപരിശോധിക്കണം” -രാജ്നാഥ് സിങ് പറഞ്ഞു.
പാകിസ്താൻ ഒരു തെമ്മാടി രാഷ്ട്രമാണെന്നും ആ രാജ്യത്തെ ആണവോർജ കേന്ദ്രങ്ങൾ അന്താരാഷ്ട്ര ആണവ ഏജൻസി ഏറ്റെടുക്കണമെന്നും കഴിഞ്ഞ ദിവസം രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ആണവായുധ ബ്ലാക്മെയിലിങ്ങാണ് പാകിസ്താൻ നടത്തുന്നത്. ഓപറേഷൻ സിന്ദൂരിൽ സൈന്യത്തിന്‍റെ ഒരു ലക്ഷ്യവും പിഴച്ചില്ല. കശ്മീരിൽ എത്തിയ പ്രതിരോധ മന്ത്രി കരസേനയിലെയും വ്യോമ സേനയിലെയും ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും ചെയ്തു.
കഴിഞ്ഞ സെപ്റ്റംബറിൽ പാകിസ്താന് 700 കോടി ഡോളറിന്‍റെ വായ്പ നൽകാമെന്ന് ഐ.എം.എഫ് അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായുള്ള രണ്ടാം ഗഡുവായി 102 കോടി ഡോളർ രണ്ട് ദിവസം മുമ്പാണ് നൽകിയത്. ഇതുവരെ 200 കോടി ഡോളറിനു മുകളിൽ പാകിസ്താൻ കൈപ്പറ്റി. പാകിസ്താന് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മേയ് ഒമ്പതിന് ചേർന്ന ഐ.എം.എഫ് എക്സിക്യുട്ടീവ് യോഗത്തിൽ എതിർപ്പറിയിച്ച് ഏതാനും രാജ്യങ്ങൾ രംഗത്തുവന്നിരുന്നു. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളെയും നേരിടാനുള്ള ആർ.എസ്.എഫ് ഫണ്ടിനു കീഴിൽ 140 കോടി ഡോളറാണ് അന്ന് ഐ.എം.എഫ് അനുവദിച്ചത്. പ്രതിഷേധ സൂചകമായി ഇന്ത്യ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.