എയർ ഇന്ത്യ വിമാനം തകർന്നുവീണ സ്ഥലത്ത് രാവ് പകലാക്കി അടിയന്തര സേവനത്തിനിറങ്ങിയ ജീവനക്കാർ
അഹ്മദാബാദ്: ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം തകർന്നുവീണ സ്ഥലത്തെ രക്ഷാ പ്രവർത്തനങ്ങൾ വ്യാഴാഴ്ച രാത്രി മുഴുവൻ തുടർന്നു. സ്ഥലം വൃത്തിയാക്കാനുള്ള പ്രവർത്തനം രാത്രി മുഴുവൻ തുടർന്നുവെന്നും ചില അവശിഷ്ടങ്ങൾ ഇനിയും നീക്കം ചെയ്യേണ്ടതുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ കാനൻ ദേശായി വെള്ളിയാഴ്ച പറഞ്ഞു. ഇരുന്നൂറിലേറെ മൃതദേഹങ്ങൾ സിറ്റി സിവിൽ ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞിരുന്നു. വിമാനം തകർന്നുവീണ ബി.ജെ മെഡിക്കൽ കോളജ് സമുച്ചയത്തിലുണ്ടായിരുന്ന നാല് എം.ബി.ബി.എസ് വിദ്യാർഥികളും ഒരു ഡോക്ടറുടെ ഭാര്യയും മരിച്ചതായി അദ്ദേഹം പറഞ്ഞു.ഭാഗികമായോ പൂർണമായോ കത്തിയ മറ്റ് മൃതദേഹങ്ങളുടെ കാര്യത്തിൽ, ഡി.എൻ.എ സാമ്പിളുകൾ താരതമ്യം ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 72 മണിക്കൂർ എടുക്കുമെന്ന് ഗുജറാത്ത് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിനായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുവന്ന 265 മൃതദേഹങ്ങളിൽ, ആറുപേരുടെ മുഖം തിരിച്ചറിയാവുന്നതിനാൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാനായെന്ന് പൊലീസ് ഇൻസ്പെക്ടർ ചിരാഗ് ഗോസായ് പറഞ്ഞു. മരിച്ച 215 പേരുടെ ബന്ധുക്കൾ അവരുടെ ഡി.എൻ.എ സാമ്പിളുകൾ നൽകാൻ തങ്ങളെ സമീപിച്ചതായി അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടം റൂമിൽ എത്തുന്ന ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച്, ഡി.എൻ.എ സാമ്പിൾ നൽകാൻ ബന്ധുക്കളെ ബി.ജെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.