പൗരന്മാരെ ജയിലിലടക്കുന്ന ഭീകരനിയമങ്ങൾ പിൻവലിക്കണം -പീപ്ൾസ് ട്രൈബ്യൂണൽ

ന്യൂഡൽഹി: ജാമ്യമില്ലാതെ ജയിലിൽ അടക്കുന്ന യു.എ.പി.എ ഉൾപ്പെടെയുള്ള ഭീകരനിയമങ്ങൾ റദ്ദാക്കണമെന്നും എൻ.ഐ.എ പോലുള്ള ജനാധിപത്യത്തിന്‍റെയും ഫെഡറലിസത്തിന്‍റെയും അടിവേരറക്കുന്ന സംവിധാനങ്ങൾ പിരിച്ചുവിടണമെന്നും രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി വെൽഫെയർ പാർട്ടി അഖിലേന്ത്യ കമ്മിറ്റി ഡൽഹിയിൽ സംഘടിപ്പിച്ച പീപ്ൾസ് ട്രൈബ്യൂണലിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

ജാമ്യം നിയമമാണെന്നും അത് നിഷേധിക്കുന്നത് നീതിയുടെ ലംഘനമാണെന്നും മുതിർന്ന അഭിഭാഷകൻ അഡ്വ. പ്രശാന്ത് ഭൂഷൺ പറഞ്ഞു. പൗരന്മാരെ ജയിലിലടച്ച് പീഡിപ്പിക്കാൻ മത്സരിക്കുന്ന പൊലീസുകാരെ കയറൂരിവിടുന്നത് അവസാനിപ്പിക്കുകയും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നീളുന്ന നീതിനിഷേധം അനീതിയും പീഡനവുമാണെന്നും കോടതികൾ നീതിയുടെ പക്ഷത്ത് നിന്നില്ലെങ്കിൽ രാജ്യം അരാജാകത്വത്തിലേക്ക് നീങ്ങുമെന്നും റിട്ട. ജസ്റ്റിസ് എസ്.എസ്. പാർക്കർ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ പീനൽ കോഡുകളും നിയമങ്ങളും ഉള്ളപ്പോൾ എന്തിനാണ് യു.എ.പി.എ പോലുള്ള ഭീകരനിയമങ്ങളെന്ന് മുതിർന്ന അഭിഭാഷക ഗായത്രി സിങ് ചോദിച്ചു. എല്ലാ ഭീകരനിയമങ്ങളും ദലിത്, ആദിവാസി, മുസ്ലിം വിഭാഗങ്ങളെയാണ് ലക്ഷ്യംവെക്കുന്നത്.

അവരെ പിന്തുണക്കുന്നവരെയും ഇപ്പോൾ ജയിലിലടക്കുകയാണെന്നും തപൻകുമാർ ബോസ് പറഞ്ഞു. പൗരത്വസമരം അവസാനിപ്പിക്കാൻ വേണ്ടി ഫാഷിസ്റ്റ് സർക്കാർ ആസൂത്രണം ചെയ്തതാണ് ഡൽഹി കലാപമെന്ന് ഡൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാൻ അഭിപ്രായപ്പെട്ടു. പൗരത്വ സമരത്തിൽ പങ്കെടുത്തതിനും ഡൽഹി കലാപത്തിന്‍റെ പിന്നിലുള്ള ആർ.എസ്.എസ് അജണ്ടയെക്കുറിച്ച് സംസാരിക്കുകയും ചെയ്തതിന്‍റെ പേരിൽ ജയിലിലടച്ച് പീഡിപ്പിച്ച ഭരണകൂടത്തിന്‍റെ സമ്മർദത്തിൽ ജാമിഅ മില്ലിയ വൈസ് ചാൻസലർ തന്‍റെ എം.ഫിൽ പ്രവേശനം റദ്ദ് ചെയ്ത് പീഡിപ്പിക്കുകയാണെന്ന് പരിപാടിയിൽ സംസാരിച്ച സഫൂറ സർഗാർ പറഞ്ഞു.

ഉമർ ഖാലിദിന്‍റെ മാതാവ് ഡോ. സബീഹ ഖാത്തൂൻ, പ്രഫ. ഹാനി ബാബുവിന്‍റെറ ഭാര്യ ജെനി റൊവീന, പ്രഫ. സായ്ബാബയുടെ ഭാര്യ വസന്തകുമാരി, സഫൂറ സർഗാർ, അക്തർഖാന്‍റെ മകൾ നൂർജഹാൻ തുടങ്ങിയവർ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഉറ്റവർ ജയിലിൽനിന്നും അധികൃതരിൽനിന്നും നേരിട്ട പീഡനങ്ങളും ജൂറിക്ക് മുമ്പാകെ വിവരിച്ചു.

സിദ്ദീഖ് കാപ്പൻ, നടഷാ നർവാൾ, ഗുൽഫിഷാൻ അടക്കമുള്ളവരുടെ കേസ് ചരിത്രവും ചുമത്തപ്പെട്ട വകുപ്പുകളും ജൂറിക്ക് മുമ്പാകെ അവതരിപ്പിച്ചു. എസ്.ക്യു.ആർ. ഇല്യാസ്, സുബ്രമണി അറുമുഖം, ഷീമാ മുഹ്സിൻ, റസാഖ് പാലേരി, ഡോ. സെയ്ദ ഹമീദ്, അഡ്വ. ത്വാഹിർ ഹുസൈൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Repeal terror laws that imprison citizens - People's Tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.