അദാനിക്കെതിരെയുള്ള എല്ലാ കേസുകളും യു.എസ് റദ്ദാക്കി; പകരം ഈടാക്കുന്നത് വൻ പിഴ

ന്യൂയോർക്ക്: ഇറാന് മേലുള്ള യു.എസ് ഉപരോധം ലംഘിച്ച് എൽ.പി.ജി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ അദാനി ഗ്രൂപ്പ് യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റുമായി ധാരണയിലെത്തി. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുകയും കമ്പനിയുടെ ആഭ്യന്തര അന്വേഷണ കണ്ടെത്തലുകൾ സ്വയം വെളിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്ന്, 275 മില്യൺ യു.എസ് ഡോളർ (ഏകദേശം 2,300 കോടിയിലധികം രൂപ) സിവിൽ പിഴയായി നൽകി കേസ് ഒത്തുതീർപ്പാക്കാൻ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് സമ്മതിച്ചു.

അതേസമയം, ഈ ഒത്തുതീർപ്പ് കമ്പനിയുടെ ഭാഗത്തുനിന്നുള്ള കുറ്റസമ്മതമല്ലെന്നും ഇതുമായി ബന്ധപ്പെട്ട മറ്റ് എല്ലാ നിയമബാധ്യതകളും ഇതോടെ അവസാനിച്ചതായും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഗുജറാത്തിലെ മുന്ദ്ര പോർട്ട് വഴി ഇറാന്റെ എൽ.പി.ജി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ അന്വേഷണം നടത്തിയത്.

2023 നവംബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ ദുബൈ ആസ്ഥാനമായുള്ള ഒരു വ്യാപാരിയിൽ നിന്നാണ് അദാനി ഗ്രൂപ്പ് എൽ.പി.ജി വാങ്ങിയത്. ഒമാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള വാതകമാണെന്ന വ്യാജേനയാണ് ദുബൈ കമ്പനി ഇത് വിതരണം ചെയ്തത്. എന്നാൽ, യഥാർത്ഥത്തിൽ ഇറാന്റെ എൽ.പി.ജി വിപണിയിലെത്തിക്കാനുള്ള ഒരു മറയായിട്ടായിരുന്നു ഈ കമ്പനി പ്രവർത്തിച്ചിരുന്നത്.

ഇറക്കുമതി സമയത്ത് കരാറിലേർപ്പെട്ട കമ്പനികൾക്കൊന്നും തന്നെ യു.എസ് ഉപരോധം ഉണ്ടായിരുന്നില്ലെന്നും, ഇത് ഇറാന്റെ ഉൽപ്പന്നമാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും കമ്പനിക്ക് ലഭിച്ചിരുന്നില്ലെന്നും ഒത്തുതീർപ്പ് ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ 2025 ജൂണിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നയുടൻ അദാനി ഗ്രൂപ്പ് എൽ.പി.ജി ഇറക്കുമതി പൂർണ്ണമായി നിർത്തിവെക്കുകയും യു.എസ് ആസ്ഥാനമായുള്ള കൗൺസിലിനെ ഉപയോഗിച്ച് ആഭ്യന്തര അന്വേഷണം നടത്തുകയും ചെയ്തു.

തുടർന്ന് കണ്ടെത്തിയ വിവരങ്ങൾ സ്വയം യു.എസ് അധികൃതർക്ക് കൈമാറുകയും ചെയ്തു. കമ്പനിയുടെ ഈ സുതാര്യമായ നിലപാടും സഹകരണവും കണക്കിലെടുത്താണ് പിഴത്തുക 38.4 കോടി ഡോളറിൽ നിന്നും 27.5 കോടി ഡോളറായി യു.എസ് കുറച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ യു.എസിൽ അദാനി ഗ്രൂപ്പിനെതിരെ ഒത്തുതീർപ്പാകുന്ന രണ്ടാമത്തെ കേസാണിത്.

അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊർജ്ജ കമ്പനിയിലേക്ക് നിക്ഷേപം സമാഹരിക്കുന്നതിനായി കൈക്കൂലി പദ്ധതികൾ ഒളിച്ചുവെച്ച് നിക്ഷേപകരെ പറ്റിച്ചെന്ന യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ കേസ് 18 മില്യൺ ഡോളർ നൽകി ഒത്തുതീർപ്പാക്കാൻ ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും കഴിഞ്ഞ ആഴ്ച സമ്മതിച്ചിരുന്നു. യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്അദാനിക്കെതിരെയുള്ള ക്രിമിനൽ തട്ടിപ്പ് കുറ്റങ്ങൾ ഒഴിവാക്കുന്നതിന്റെയും, ട്രഷറി ഡിപ്പാർട്ട്‌മെന്റ് സിവിൽ പിഴ ചുമത്തുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ ഒത്തുതീർപ്പുകൾ നടന്നിരിക്കുന്നത്.

നിയമപരമായ അന്വേഷണങ്ങൾ നടക്കുമ്പോഴും അടിസ്ഥാന സൗകര്യ വികസനം, ലോജിസ്റ്റിക്സ്, ഊർജ്ജ മേഖലകളിൽ അദാനി ഗ്രൂപ്പ് ശക്തമായ മുന്നേറ്റം തുടർന്നു. കമ്പനി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികൾ 5.3 ബില്യൺ ഡോളറിന്റെ എബിറ്റ (പ്രവർത്തന ലാഭം) രേഖപ്പെടുത്തി. ഇതേ കാലയളവിൽ ഏകദേശം 17 ബില്യൺ ഡോളറിന്റെ മൂലധന നിക്ഷേപവും ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.

Tags:    
News Summary - Relief For Adani Group, US Sanctions Probe Ends In $275 Million Settlement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.