പ്രധാനമന്ത്രിയോടൊപ്പം  രവി കിഷന്‍ എം.പി  

രണ്ടുകുട്ടി മതി​​യെന്ന നിയമം അവതരിപ്പിക്കുന്ന ബി.ജെ.പി എം.പിക്ക്​ നാലുമക്കൾ!

ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ 'രണ്ടുകുട്ടി' ബിൽ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാൻ അനുമതി തേടിയത്​ നാലുമക്കളുടെ അച്ഛനായ ബി.ജെ.പി എം.പി!. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നിന്നുള്ള പാര്‍ലമെന്‍റ്​ അംഗമായ രവി കിഷന്‍ ആണ് ജനസംഖ്യ നിയന്ത്രണത്തിനുള്ള സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത്. ഇയാൾക്ക്​ മൂന്നു​പെണ്ണും ഒരാണും ഉൾപ്പെടെ നാലുമക്കളാണുള്ളതെന്ന്​ ലോക്​സഭയുടെ വെബ്​സൈറ്റിൽ നൽകിയ പ്രെഫൈലിൽ പറയുന്നു.

രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കരുതെന്നാണ്​ ബില്‍ ആവശ്യപ്പെടുന്നനെ മാതൃകയാക്കിയായിരിക്കും രവികിഷൻ അവതരിപ്പിക്കുന്ന ബില്ലും. അതിനിടെയാണ്​, നാലുമക്കളുള്ളയാൾ സന്താന നിയന്ത്രണ ബില്ലുമായി ഇറങ്ങിത്തിരിക്കുന്നതിന്‍റെ പരിഹാസ്യത സോഷ്യൽ മീഡിയയിൽ ചർച്ചയായത്​. ഇതേവിഷയത്തിൽ സ്വകാര്യബില്ലിന് മറ്റൊരു ബി.ജെ.പി അംഗമായ രാകേഷ് സിന്‍ഹയും അനുമതി തേടിയിട്ടുണ്ട്.

ഏക സിവില്‍കോഡ് സംബന്ധിച്ചും സ്വകാര്യ ബില്‍ അവതരിപ്പിക്കാൻ ബി.ജെ.പി അംഗങ്ങള്‍ അനുമതി തേടിയിട്ടുണ്ട്. ലോക്‌സഭയില്‍ രവി കിഷനും രാജ്യസഭയില്‍ രാജസ്ഥാനില്‍ നിന്നുള്ള കിരോഡി ലാല്‍ മീണയുമാണ് അവതരണാനുമതി തേടിയത്. നറുക്കെടുപ്പിലൂടെയാണ് അവതരണാനുമതി ലഭിക്കുക. ഈ മാസം 24ന് നടക്കുന്ന നറുക്കെടുപ്പിലാണ് രണ്ട് ബില്ലുകളും ഉള്‍പ്പെടുത്തിയത്.

യു.പി സർക്കാർ ജനസംഖ്യാ നിയന്ത്രണ നിയമ നിർമാണത്തിനുള്ള കരട് ശനിയാഴ്ച പുറത്തിറക്കിയിരുന്നു. വിവാദമായ നിരവധി വ്യവസ്​ഥകളാണ്​ യു.പി ജനസംഖ്യ (നിയന്ത്രണ, സുസ്ഥിര, ക്ഷേമ) ബിൽ 2021 എന്നപേരിലുള്ള കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. ദമ്പതികൾക്ക്​ രണ്ട് കുട്ടികൾ മതി എന്നതാണ്​ പുതിയ ബില്ലിൽ അനുശാസിക്കുന്നത്​. രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നതിനും ഏതെങ്കിലും സർക്കാർ സബ്‌സിഡി ലഭിക്കുന്നതിനും വിലക്ക്​ ഏർപ്പെടുത്തും.

രണ്ടു കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ സർക്കാർ ക്ഷേമപദ്ധതികളിൽ നിന്നെല്ലാം ഒഴിവാക്കും. സബ്സിഡികൾ ലഭിക്കില്ല. സർക്കാർ ജോലിക്ക് അപേക്ഷിക്കാനാകില്ല. സ്ഥാനക്കയറ്റം ലഭിക്കില്ല. മാതാപിതാക്കളും കുട്ടികളുമടക്കം നാലുപേരെ മാത്രമേ റേഷൻ കാർഡിൽ ഉൾപ്പെടുത്തൂ. അതേസമയം, രണ്ടുകുട്ടി നയം പിന്തുടരാൻ വന്ധ്യംകരണത്തിന് വിധേയമാകുന്നവർക്ക് ആനുകൂല്യമുണ്ടാകും. ഒരു കുട്ടി മതിയെന്ന് തീരുമാനിച്ച് വന്ധ്യംകരണം നടത്തിയാൽ സൗജന്യ ചികിത്സാ സൗകര്യവും കുട്ടിക്ക് 20 വയസ്സുവരെ ഇൻഷുറൻസും ഉണ്ടാകും.

ബില്ലിനെതിരെ വി.എച്ച്.പി രംഗത്തെത്തി. പുതിയ ബില്ല് ഹിന്ദുക്കളെ ദോഷകരമായി ബാധിക്കുമെന്ന് വി.എച്ച്.പി വര്‍ക്കിങ് പ്രസിഡന്‍റ്​ അലോക് കുമാര്‍ ആരോപിച്ചു. പുതിയ നിയമം കുട്ടികളില്‍ ദോഷകരമായ ഫലമുണ്ടാക്കുമെന്നതിനു പുറമെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ അസമത്വത്തിന് കാരണമാവുമെന്നും നിയമ കമ്മീഷന് എഴുതിയ കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ നിയമം ഒരു സമുദായത്തിലെ അംഗ സംഖ്യ ചുരുങ്ങാനും മറ്റ് സമുദായത്തിലെ അംഗങ്ങളുടെ എണ്ണം കൂടാനും ഇടയാക്കും. ഒരു സമുദായം ഈ നിയമത്തിന്‍റെ ഗുണങ്ങളുപയോഗിച്ച് വികസിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്‍.ഡി.എ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ബില്ലിനെതിരെ രംഗത്തെത്തി. ഒരു നിയമം വഴി ജനസംഖ്യാനിയന്ത്രണം ഉറപ്പാക്കാനാവില്ലെന്നും ചൈനയോ മറ്റേതെങ്കിലും ഉദാഹരണങ്ങളോ എടുത്തുനോക്കിയാല്‍ ഇത് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിച്ച ശേഷമാണ് ജനനനിരക്ക് നിയന്ത്രിക്കാനാവുക. സ്ത്രീകള്‍ വിദ്യാഭ്യാസം നേടിയാല്‍ ജനസംഖ്യയെക്കുറിച്ച് അവബോധമുണ്ടാവും. അതനുസരിച്ച് ജനസംഖ്യ നിയന്ത്രിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Ravi Kishan Is Introducing The Population Bill When He Has 4 Kids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.