ശ്രീനഗർ: നാലുദിവസത്തെ സന്ദർശനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എത്തിയ ദിവസം കശ്മീരിൽ രണ്ടിടത്ത് ഭീകരർ സൈന്യവുമായി ഏറ്റുമുട്ടി. അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസ് കോൺസ്റ്റബിളും ബാരാമുല്ല ജില്ലയിലെ സോപുർ ടൗൺഷിപ്പിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും കൊല്ലപ്പെട്ടു.
ആഭ്യന്തരമന്ത്രി സുരക്ഷ, സൈനിക ഉദ്യോഗസ്ഥരുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്താനിരുന്ന അനന്ത്നാഗിലെ കേന്ദ്രത്തിന് ഏതാനും കിലോമീറ്റർ ദൂരെയാണ് ശനിയാഴ്ച സന്ധ്യയോടെ ഏറ്റുമുട്ടലുണ്ടായത്. അനന്ത്നാഗ് ബസ് സ്റ്റാൻഡിന് സമീപം കാവൽ നിൽക്കുകയായിരുന്ന പൊലീസ്സംഘത്തിന് നേരെ ഒളിച്ചിരുന്ന ഭീകരർ യന്ത്രത്തോക്ക് ഉപയോഗിച്ച് തുരുതുരെ വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കോൺസ്റ്റബിൾ ഇംതിയാസാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇംതിയാസിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാബിർ അഹ്മദ് അടക്കം രണ്ട് കോൺസ്റ്റബിൾമാർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. പ്രദേശത്ത് വ്യാപകമായി സൈന്യത്തെ വിന്യസിക്കുകയും ഭീകരർക്കുവേണ്ടി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ സോപുർ ടൗൺഷിപ്പിനടുത്ത് റിബാൻ ഗ്രാമത്തിൽ ഹിസ്ബുൽ മുജാഹിദീൻ ജില്ല കമാൻഡർ എന്നറിയപ്പെടുന്ന ശാഹിദ് ശൈഖ് സൈന്യത്തിെൻറ വെടിയേറ്റ് മരിച്ചു. ഗ്രാമത്തിലെ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഇയാളെ സൈന്യം വെടിവെച്ച് കൊല്ലുകയായിരുന്നു. സോപുർ ടൗൺഷിപ്പിൽ മറ്റൊരിടത്ത് സൈന്യത്തിെൻറ വെടിയേറ്റ് ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
ശനിയാഴ്ച ശ്രീനഗർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ആഭ്യന്തര മന്ത്രിയെ ഉപമുഖ്യമന്ത്രി നിർമൽ സിങ്ങും മറ്റും ചേർന്ന് സ്വീകരിച്ചു. തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഖാനബാൽ, റജൗരി ജില്ലയിലെ നൗഷെറ എന്നിവിടങ്ങൾ രാജ്നാഥ് സന്ദർശിക്കും. കഴിഞ്ഞ ഒന്നരവർഷത്തിനിടെ ഭീകരരും സൈന്യവും തമ്മിൽ നിരവധിതവണ ഏറ്റുമുട്ടലുണ്ടായ മേഖലയാണ് തെക്കൻ കശ്മീർ.
കശ്മീർപ്രശ്നം പരിഹരിക്കാൻ ആരുമായും ചർച്ചക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. നാലുദിവസത്തെ ജമ്മു-കശ്മീർ സന്ദർശനത്തിെൻറ ഭാഗമായി ട്വീറ്റ് ചെയ്ത സന്ദേശത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. തുറന്ന മനസ്സോടെയാണ് താഴ്വര സന്ദർശിക്കുന്നത്. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് സഹായിക്കുന്ന ഏതൊരാളുമായും ചർച്ച നടത്താൻ തയാറാണ് -രാജ്നാഥ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ വികസനപദ്ധതികളുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പെങ്കടുക്കാനെത്തുന്ന ഇദ്ദേഹം മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയുമായി ചർച്ച നടത്തി. ഗവർണർ എ.എൻ. വോറ, മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥർ, സുരക്ഷ-സൈനിക ഉദ്യോഗസ്ഥർ, എന്നിവരുമായി ഇന്ന് ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.