ഓം പ്രകാശ് രാജ്ഭർ

സമാജ്‌വാദി പാർട്ടിയിൽ കൂറുമാറ്റമോ? ബിജെപിയിലേക്ക് ചേക്കേറാൻ നേതാക്കളുടെ ശ്രമമെന്ന് യു.പി മന്ത്രി

ലഖ്‌നോ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിയിലെ നിരവധി നേതാക്കൾ ബിജെപിയിലേക്ക് മാറാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് മന്ത്രിയും സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (SBSP) നേതാവുമായ ഓം പ്രകാശ് രാജ്ഭർ അവകാശപ്പെട്ടു. പാർട്ടി മാറുന്നതിനുള്ള സാധ്യതകൾ തേടി ചില എസ്പി നേതാക്കൾ ഇതിനോടകം തന്നെ ഡൽഹിയിലെയും ഉത്തർപ്രദേശിലെയും പ്രമുഖരുമായി ബന്ധപ്പെട്ട് വരികയാണെന്നും അദ്ദേഹം ആരോപിച്ചു.

‘എംഎൽഎമാരായി വീണ്ടും തെരഞ്ഞെടുക്കപ്പെടാനും, പാർട്ടി ടിക്കറ്റ് നേടാനും, ബിജെപി ബാനറിന് കീഴിൽ വിജയിക്കാനും ആഗ്രഹിക്കുന്ന നിരവധി പേർ സമാജ്‌വാദി പാർട്ടിയിലുണ്ട്. അവർ ഇപ്പോൾ ഡൽഹി മുതൽ ഇവിടം വരെ ബന്ധങ്ങൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. കാത്തിരുന്ന് കാണൂ’ ഓം പ്രകാശ് രാജ്ഭർ പറഞ്ഞു.

തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ രാഷ്ട്രീയ കൂറുമാറ്റങ്ങൾ സാധാരണമാണെന്നും രാജ്ഭർ ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ തവണ ഞാൻ ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ ആളുകൾ അത് വിശ്വസിക്കാൻ തയാറായിരുന്നില്ല. എന്നാൽ പറഞ്ഞതുപോലെ എല്ലാം സംഭവിച്ചു’ ഓം പ്രകാശ് രാജ്ഭർ പറഞ്ഞു. എങ്കിലും, ബിജെപിയുമായി ബന്ധപ്പെടുന്നതായി ആരോപിക്കപ്പെടുന്ന സമാജ്‌വാദി പാർട്ടി നേതാക്കളുടെയോ എംഎൽഎമാരുടെയോ പേരുകൾ രാജ്ഭർ വെളിപ്പെടുത്തിയിട്ടില്ല.

2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും സമാജ്‌വാദി പാർട്ടിയിലെ നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. പ്രതിപക്ഷ നിരയിലെ പ്രമുഖരെ അന്ന് ഭരണകക്ഷി പാർട്ടിയിലേക്ക് എത്തിച്ചിരുന്നു. ഫിറോസാബാദിൽ നിന്നുള്ള മുൻ എസ്പി എംഎൽഎ ഹരിയോം യാദവ്, മുൻ എസ്പി എംഎൽഎ ധരംപാൽ യാദവ് എന്നിവർ 2022 ജനുവരിയിലാണ് ബിജെപിയിൽ ചേർന്നത്.

ഇവരോടൊപ്പം മുൻ എസ്പി എംഎൽസി ശൈലേന്ദ്ര പ്രതാപ് സിങ്, മുൻ എസ്പി നേതാവ് നരേന്ദ്ര ഭാട്ടി എന്നിവരെയും തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് തങ്ങളുടെ രാഷ്ട്രീയ കരുത്ത് വർധിപ്പിക്കാൻ പാർട്ടികൾ ശ്രമിച്ചതിനിടയിലുണ്ടായ കടുത്ത രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായിരുന്നു അന്നത്തെ കൂറുമാറ്റങ്ങൾ.

Tags:    
News Summary - Rajbhar Claims SP Leaders Eyeing BJP Switch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.