തീപിടുത്തം മുതൽ എക്സറേ സ്കാനിങ് തടസ്സം വരെ; വിമാന യാത്രയിൽ തേങ്ങ വിലക്കുന്നതിന് പിന്നിൽ കാരണങ്ങളേറെ

വിമാനയാത്രയിൽ മൂർച്ചയുള്ള വസ്തുക്കൾ, വലിയ അളവിലുള്ള ദ്രാവകങ്ങൾ, തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ എന്നിവ കൊണ്ടുപോകുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്. എന്നാൽ നിത്യജീവിതത്തിലും ആചാരങ്ങളിലും ഭക്ഷണത്തിലും ഏറെ പ്രാധാന്യമുള്ള തേങ്ങക്ക് വിമാനത്തിൽ വിലക്കുള്ള കാര്യം നിങ്ങൾക്കറിയാമോ‍? അത്യന്തം മുൻകരുതലുകളോടെ പ്രവർത്തിക്കുന്ന വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം, ചെറിയ അപകടസാധ്യതകൾ പോലും വിമാനത്തിനുള്ളിൽ ഒഴിവാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.

തേങ്ങ നിരോദിക്കാനുള്ള കാരണവും ഈ സുരക്ഷാ മാനദണ്ഡങ്ങൾ തന്നെയാണ്. ഉണക്കത്തേങ്ങയിൽ ഉയർന്ന അളവിൽ എണ്ണ അടങ്ങിയിട്ടുള്ളതാണ് പ്രധാന കാരണം. വേഗത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ഈ എണ്ണ, ചൂടോ തീപ്പൊരിയോ ഏൽക്കുമ്പോൾ അപകടമുണ്ടാക്കാം. അന്താരാഷ്ട്ര വ്യോമയാന സംഘടനയായ ഐ.എ.ടി.എ-യുടെ സുരക്ഷാ ചട്ടങ്ങൾ പ്രകാരം തീപിടിക്കാൻ സാധ്യതയുള്ളതോ സ്വയം ചൂടാകുന്നതോ ആയ വസ്തുക്കൾ വിമാനങ്ങളിൽ നിയന്ത്രിച്ചിട്ടുണ്ട്. ഉയർന്ന എണ്ണാംശം കാരണം ഉണക്കത്തേങ്ങയും ഈ ഗണത്തിൽ പെടുന്നു.

വിമാനയാത്രക്കിടെ മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷ മർദ്ദം ദ്രാവകങ്ങളോ വായു അറകളോ ഉള്ള വസ്തുക്കളെ ബാധിക്കാം. തേങ്ങയിൽ ഇവ രണ്ടും ഉണ്ടാകാം. മർദ്ദവ്യത്യാസം മൂലം തേങ്ങയുടെ പുറംതോട് പൊട്ടാനോ ദ്രാവകം ചോരാനോ ചെറിയ സാധ്യതയുണ്ട്. ചെറുതായി തോന്നാമെങ്കിലും, വിമാനത്തിനുള്ളിലെ അപ്രതീക്ഷിത ചോർച്ച യാത്രയിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം.

വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനക്കായി എക്സ്റേ സ്കാനറുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ തേങ്ങയുടെ കട്ടിയുള്ള പുറംതോട് കാരണം ഉള്ളിലുള്ളത് വ്യക്തമായി കാണാൻ സ്കാനറുകൾക്ക് പ്രയാസമുണ്ടാകാം. ഉള്ളടക്കം വ്യക്തമാകാത്തത് സംശയത്തിന് ഇടയാക്കും. വ്യക്തമായി പരിശോധിക്കാൻ കഴിയാത്ത വസ്തുക്കൾ ഇതിനാൽ തന്നെ വിലക്കപ്പെടാം.

കട്ടിയുള്ള തേങ്ങാ തോട് സ്ഥാനം മാറിയാൽ കേടുപാടുകളോ പരിക്കുകളോ ഉണ്ടാകാനുള്ള സാധ്യതയും വ്യോമയാന അധികൃതർ കണക്കിലെടുക്കുന്നു. ചില സാഹചര്യങ്ങളിൽ തേങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ച് ചെക്ക്-ഇൻ ലഗേജിൽ സുരക്ഷിതമായി പാക്ക് ചെയ്ത് കൊണ്ടുപോകാൻ അനുവദിക്കാറുണ്ട്. യാത്രക്ക് മുമ്പ് അതത് വിമാനക്കമ്പനികളുടെയും ലക്ഷ്യസ്ഥാനത്തെ കസ്റ്റംസ് നിയമങ്ങളും കൃത്യമായി പരിശോധിക്കുന്നത് നല്ലതാണ്.

Tags:    
News Summary - coconuts are not allowed on flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.