വി. സോമണ്ണ
മംഗളൂരു: സതേൺ റെയിൽവേയുടെ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരു മേഖലയെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഭാഗമായ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കില്ലെന്ന് ഉഡുപ്പി-ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ് പൂജാരി. കേരള സർക്കാറിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും ഉയരുന്ന എതിർപ്പുകൾക്കും സമ്മർദങ്ങൾക്കും മുന്നിൽ വഴങ്ങില്ലെന്ന് റെയിൽവേ സഹമന്ത്രി വി. സോമണ്ണ ഫോണിലൂടെ തനിക്ക് ഉറപ്പുനൽകിയതായി പൂജാരി പറഞ്ഞു.
ആഗസ്റ്റ് 21-നാണ് മംഗളൂരു മേഖലയെ മൈസൂരു ഡിവിഷന്റെ ഭാഗമാക്കി റെയിൽവേ മന്ത്രാലയത്തിന്റെ നിർണായക ഉത്തരവ് പുറത്തുവന്നത്. തീരുമാനം മാറ്റുമെന്ന തരത്തിലുള്ള ആശങ്കകൾ കർണാടകത്തിലെ ജനങ്ങൾക്ക് വേണ്ടതില്ല. മംഗളൂരുവിനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുമായി സംയോജിപ്പിക്കുന്നത് തീരദേശ കർണാടകത്തിന് മാത്രമല്ല, സംസ്ഥാനത്തെ ചരക്ക് -യാത്രാ ട്രെയിൻ ഗതാഗതത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും കൂടുതൽ വരുമാനം കൊണ്ടുവരാനും സഹായിക്കും -കേന്ദ്രമന്ത്രി അറിയിച്ചു.
അതേസമയം, മംഗലാപുരം കേന്ദ്രീകരിച്ചുള്ള ഡിവിഷൻ രൂപവത്കരണവും റെയിൽവേയുടെ ആലോചനയിലുണ്ട്. ഇക്കാര്യത്തിൽ ഒരു വർഷത്തിനുശേഷം മറുപടി പറയാമെന്നാണ് സോമണ്ണ വ്യക്തമാക്കിയത്. പാലക്കാട് ഡിവിഷൻ വിഭജനം ആലോചിച്ചെടുത്ത തീരുമാനമാണ്. ദീർഘനാളത്തെ കാത്തിരിപ്പാണ് ഇതോടെ സഫലമായത്.
തീരുമാനമെടുക്കാൻ സഹായിച്ചത് മൂന്ന് റെയിൽവേ ജനറൽ മാനേജർമാരാണ്. കൊങ്കൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർമാരുമായി 40 മണിക്കൂർ ചർച്ച നടത്തിയാണ് തീരുമാനത്തിലെത്തിയത്. മൈസൂരുവിൽ നിന്ന് മംഗളുരുവിലേക്ക് 100 കിലോമീറ്റർ ദൂരമേ ഉള്ളൂ. പക്ഷേ, മംഗളൂരുവിൽ നിന്ന് പാലക്കാട് ഡിവിഷൻ ആസ്ഥാനത്തേക്ക് 350 കിലോമീറ്റർ ഉണ്ടെന്നും സോമണ്ണ പറഞ്ഞു.
മംഗളൂരു തുറമുഖം കർണാടകത്തിന് വേണം. കേരളത്തിന് രണ്ടു തുറമുഖങ്ങൾ വേറെയുണ്ട്, എണ്ണം പറഞ്ഞ ഹാർബറുകളുമുണ്ടെന്നും റെയിൽവേ സഹമന്ത്രി കൂട്ടിച്ചേർത്തു.
ചരിത്രപരമായ ഈ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും വി. സോമണ്ണക്കും ശ്രീനിവാസ് പൂജാരി നന്ദി അറിയിച്ചു. പ്രാദേശിക ജനപ്രതിനിധികളുടെ ദീർഘകാലമായുള്ള ശ്രമങ്ങളുടെ ഫലമാണിതെന്ന് വ്യക്തമാക്കിയ അദ്ദേഹം, കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിനെ (കെ.ആർ.സി.എൽ) ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാനും ട്രാക്കുകളുടെ ഇരട്ടിപ്പിക്കൽ വേഗത്തിലാക്കാനും തുടർന്നും ശ്രമങ്ങൾ ഉണ്ടാകുമെന്ന് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.