മാൻസരോവർ യാത്രയ്ക്കിടെ ഭവിൻ

‘പിറന്നാളിന് മടങ്ങിയെത്തുമെന്ന് വാക്ക് പറഞ്ഞിരുന്നു, ഇപ്പോൾ ഒരു വിവരവുമില്ല’; നേപ്പാൾ ദുരന്തത്തിൽ കാണാതായ ഭവിനെ കാത്തിരുന്ന് കുടുംബം

ഭീകരമായ മിന്നൽ പ്രളയത്തിന്റെ ഞെട്ടലിൽനിന്ന് മുക്തമായിട്ടില്ല നേപ്പാൾ. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിലും ചെളിയിലാണ്ടുപോയ ഗ്രാമങ്ങളിലെ ഭൂമികയിൽ എന്തെങ്കിലും ഉറ്റവരെ പരതുകയാണ് ജീവിതം തിരിച്ചുപിടിച്ചവർ. ഭീതിതമായ അനുഭവങ്ങളും കാഴ്ചകളും നടുക്കത്തോടെ ഓർത്തെടുക്കുകയാണ് അതിജീവിതർ.

നേപ്പാളിലേക്ക് തീർഥാടനത്തിനെത്തിയ മകന്റെയും ഭർത്താവിന്റെയും തിരിച്ചുവരവിനായി പ്രാർഥനയോടെ കഴിയുകയാണ് ആസ്ട്രേലിയയിലെ ഭവിൻ റാവലിന്റെ ഭാര്യയും മറ്റു രണ്ട് മക്കളും. അവരിപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല.

ആസ്ട്രേലിയയിൽനിന്നും ഒരാഴ്ച മുമ്പാണ് ഭവിൻ ജന്മദേശമായ ചണ്ഡിഗഢിലെത്തിയിരുന്നത്. അവിടെയെത്തിയ ഉടനെ കൈലാസ്-മാൻസരോവർ യാത്രയ്ക്കായി നേപ്പാളിലേക്ക് തിരിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. ദുരന്തത്തിന്റെ നിമിഷങ്ങൾക്ക് തൊട്ടുമുമ്പ് സഹോദരനുമായി ഫോണിൽ സംസാരിച്ചിരുന്നു ഭവിൻ. മനോഹരമായ കൈലാസത്തെക്കുറിച്ചും യാത്രയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും നിറ സന്തോഷത്തോടെ വാചാലനായിരുന്നു. ഇമിഗ്രേഷൻ ഓഫിസിനടുത്താണെന്നും രാവിലെ എട്ട് മണിയോടെ വിൻഡോ തുറന്നാൽ മാനസരോവറിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം ഭാര്യയെ അവസാനമായി വിളിച്ചറിയിച്ചിരുന്നു. എന്നാൽ ഈ ഫോൺ കാളിനുശേഷം പിന്നീട് ഒരു വിവരവുമില്ല. അദ്ദേഹത്തെക്കുറിച്ചോ ഒപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേരെക്കുറിച്ചോ അറിവില്ലെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ ദിവസം ഭവിന്റെ പിറന്നാളായിരുന്നു. പിറന്നാൾ ആഘോഷിക്കാനായി നാട്ടിലെ സഹോദരന്മാർ സെപ്റ്റംബർ അഞ്ചിന് പരിപാടികൾ പ്ലാൻ ചെയ്തിരുന്നു. കുടുംബം വിപുലമായ ഒരുക്കങ്ങൾ നടത്തിവന്നിരുന്നു. എല്ലാം കഴിഞ്ഞ് സെപ്റ്റംബർ 11ന് ആസ്ട്രേലിയയിലേക്ക് മടങ്ങാനിരിക്കെ ഈ ദാരുണ സംഭവം കുടുംബത്തിന്റെ എല്ലാ സന്തോഷവും തകർത്തെറിഞ്ഞത്. മറ്റെല്ലാവരെയും പോലെ നഷ്ടപ്പെട്ട വേദനയിൽ കണ്ണീരോടെ കാത്തിരിക്കുകയാണ് ഈ കുടുംബവും.

നേപ്പാളിൽ നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത പ്രളയത്തിൽ ഇന്ത്യാക്കാരുൾപ്പെടെ നിരവധി പേരെയാണ് കാണാതായിരിക്കുന്നത്. ഔദ്യോഗികമായ കണക്കുകൾ പ്രകാരം 600ഓളം പേർ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. 1200ഓളം പേർ ഇപ്പോഴും കാണാമറയത്താണ്. ദുഷ്കരമായ ഭൂപ്രകൃതിയിലും രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുമ്പോൾ, പ്രിയപ്പെട്ടവൻ സുരക്ഷിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഓരോ കുടുംബവും കാത്തിരിക്കുന്നത്.

Tags:    
News Summary - Family Waits in Anguish as Bhavin Remains Missing in Nepal Disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.