ന്യൂഡൽഹി: റെയിൽവേയിലെ ഹെൽപ്ലൈൻ നമ്പറുകൾ ഏകീകരിച്ചു. യാത്രക്കാരുടെ സംശയങ്ങളും പരാതികളുമെല്ലാം ഇനി 139 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്. റെയിൽ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള 182 ഒഴികെയുള്ള നമ്പറുകളാണ് 139ൽ ലയിപ്പിച്ചത്.
ഏത് മൊബൈൽ ഫോണിൽനിന്നും ബന്ധപ്പെടാവുന്നതാണ് പുതിയ നമ്പർ. ഇതിൽനിന്ന് 12 ഭാഷകളിൽ മറുപടി ലഭിക്കും. സുരക്ഷ, വൈദ്യസഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഒന്ന് അമർത്തണം. ഇതോടെ കാൾ സെൻറർ എക്സിക്യൂട്ടീവുകൾ നേരിട്ട് സംസാരിക്കും. അന്വേഷണങ്ങൾക്ക് രണ്ട് ആണ് അമർത്തേണ്ടത്. ഇതോടെ സബ് മെനുവിലേക്ക് പ്രവേശിക്കും. അവിടെനിന്ന് ആവശ്യമുള്ള വിവരങ്ങൾ ലഭിക്കും.
ഭക്ഷണം സംബന്ധിച്ച പരാതികൾക്ക് മൂന്ന്, പൊതുവായ പരാതികൾക്ക് നാല്, വിജിലൻസ് സംബന്ധിച്ച പരാതികൾക്ക് അഞ്ച്, അപകടങ്ങളുമായി ബന്ധപ്പെട്ടവക്ക് ആറ് എന്നിങ്ങനെയാണ് അമർത്തേണ്ടത്. പരാതികളുടെ ഏറ്റവും പുതിയ നില അറിയാൻ ഒമ്പത് അമർത്തിയാൽ മതി. ഇതിനൊപ്പം നക്ഷത്ര ചിഹ്നം അമർത്തിയാൽ കാൾ സെൻറർ എക്സിക്യൂട്ടീവുമായി സംസാരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.