ഹിന്ദുത്വ ഐ.എസിനെയും ബൊക്കോ ഹറമിനെയും പോലെ; സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച്​ രാഹുൽ

ന്യൂഡല്‍ഹി: ഹിന്ദുത്വ തീവ്രവാദം ഇസ്​ലാമിക്​ സ്​റ്റേറ്റിനെയും ബൊക്കോ ഹറമിനെയും പോലെയാണെന്ന്​ തന്‍റെ പുതിയ പുസ്​തകത്തിൽ പരാമർശം നടത്തിയ മുതിർന്ന കോൺഗ്രസ്​ നേതാവ്​ സൽമാൻ ഖുർഷിദിനെ പിന്തുണച്ച്​ രാഹുൽ ഗാന്ധി രംഗത്ത്​. അതേസമയം, ഖുർഷിദിന്‍റെ പരാമർശത്തിൽ വസ്​തുതാപരമായ തെറ്റുണ്ടെന്ന്​ ഗുലാം നബി ആസാദ് വിമര്‍ശിച്ചു. ഖുര്‍ഷിദിനെ പിന്തുണച്ച രഹുൽ ഗുലാം നബി ആസാദിനെ തള്ളി രംഗത്ത് വന്നു.

ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് വരികെയാണ് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്‍റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദം ബി.ജെ.പി ഉയർത്തിക്കൊണ്ടുവന്നത്​. 'സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്' എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്.

അടുത്ത കാലത്തുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറം തീവ്രവാദ സംഘടനകളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വ, യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും പരിചിതമായിരുന്ന സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദൂയിസത്തെയും അപ്രസക്തമാക്കിയിരിക്കുകയാണ് എന്ന പുസ്തകത്തിലെ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. ഇത്​ ഏറ്റെടുത്താണ്​ ബി.ജെ.പി വിമർശനവുമായി രംഗത്തെത്തിയത്​. മുസ്ലിം വോട്ട് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ഒരു കോണ്‍ഗ്രസ് നേതാവില്‍ നിന്ന് അത്തരത്തിലൊരു പാരമര്‍ശമുണ്ടായതില്‍ അത്ഭുതമില്ലെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. സോണിയ ഗാന്ധി ഇതിന്​ മറുപടി പറയണമെന്നും ബി.ജെ.പി ആവശ്യ​പ്പെട്ടു.

ഇതിന് പിന്നാലെ സല്‍മാന്‍ ഖുര്‍ഷിദിനെ അനുകൂലിച്ചും എതിര്‍ത്തും കോൺഗ്രസിലെ നിരവധി നേതാക്കള്‍ രംഗത്തെത്തി. ഹിന്ദുത്വത്തെ ഐ.എസുമായി താരതമ്യപ്പെടുത്തുന്നതില്‍ വസ്തുതാപരമായ തെറ്റുണ്ടെന്നായിരുന്നു ഗുലാം നബിയുടെ പ്രതികരണം. മഹാരാഷ്ട്രയില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിയിലാണ്​ രാഹുൽ ഗാന്ധി നിലപാട്​ വ്യക്​തമാക്കിയത്​. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നും ആരെയും കൊല്ലാനല്ല ഹിന്ദുമതം പഠിപ്പിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. യു.പി തിരഞ്ഞെടുപ്പിൽ വിവാദം കത്തിച്ച്​ ഹിന്ദു വോട്ടുകൾ ഏകീകരിക്കുകയാണ്​ ബി.ജെ.പി ലക്ഷ്യം.

Tags:    
News Summary - Rahul Gandhi supports Salman Khurshid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.