ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസും കുറ്റപത്രവുമായി മുന്‍ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും രംഗത്ത്. ഭരണഘടനയുടെ 324(5)-ാം അനുച്ഛേദപ്രകാരം 'തെളിയിക്കപ്പെട്ട പെരുമാറ്റദൂഷ്യം' ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി പ്രമുഖര്‍ ഇംപീച്ച്മെന്റ് നോട്ടീസും കുറ്റപത്രവും സമര്‍പ്പിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അന്തസ്സത്ത തകര്‍ക്കുന്ന വിധത്തിലുള്ള അധികാര ദുരുപയോഗവും നിയമലംഘനങ്ങളുമാണ് സി.ഇ.സിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. ഗ്യാനേഷ് കുമാര്‍ ഉടൻ രാജിവെക്കണമെന്നും, അല്ലാത്തപക്ഷം ഇന്ത്യയിലെ ജനങ്ങള്‍ അദ്ദേഹത്തിനെതിരെ കടുത്ത ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ടുപോകുമെന്നും സംഘം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമീഷന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളെ ഗ്യാനേഷ് കുമാര്‍ അട്ടിമറിച്ചതാണ് പ്രധാന ആരോപണങ്ങളിലൊന്ന്. കമീഷന്റെ കൃത്യമായ ചര്‍ച്ചകളോ കൂടിയാലോചനകളോ രേഖപ്പെടുത്തിയ നടപടിക്രമങ്ങളോ ഇല്ലാതെയാണ് പല സുപ്രധാന തീരുമാനങ്ങളും അദ്ദേഹം കൈക്കൊണ്ടത്. മറ്റ് തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ എതിര്‍പ്പുകളെയും കമീഷന്റെ ശരിയായ അജണ്ടകളെയും മിനിട്‌സുകളെയും അദ്ദേഹം അവഗണിച്ചതായും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ, വോട്ടര്‍ പട്ടികയില്‍‍ പേര് ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന 'ഫോം 6'-ല്‍ കമീഷനുള്ളിലെ എതിര്‍പ്പുകളെ വകവെക്കാതെ അനധികൃതവും നിയമവിരുദ്ധവുമായ മാറ്റങ്ങള്‍ വരുത്തി. മുമ്പ് വോട്ടര്‍ പട്ടികയില്‍ സ്ഥിരമായി പേരുള്ളവരോട് പോലും തങ്ങള്‍ ആദ്യമായി പേര് ചേര്‍ക്കുകയാണെന്ന് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടതും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വോട്ടര്‍ പട്ടിക തയാറാക്കുന്നതിലും ഭേദഗതി വരുത്തുന്നതിലും നിയമപരമായ അധികാരമുള്ള ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ അധികാരം കവരും വിധം 'ഇസിനെറ്റ്' (ECINET) സംവിധാനം നടപ്പിലാക്കിയതിനെതിരെയും സംഘം രംഗത്തുവന്നു. ഇതിന്റെ നിയമസാധുത പിന്നീട് വിദഗ്ധ സമിതിയെ വെച്ച് പരിശോധിക്കേണ്ടി വന്നത് ഇതിന്റെ അനൗചിത്യം വ്യക്തമാക്കുന്നു. ഇതിനുപുറമേ, വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) വോട്ടര്‍മാരെ വ്യാപകമായി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് ഇടയാക്കിയെന്നും നോട്ടീസ് കുറ്റപ്പെടുത്തുന്നു.

മതിയായ മുന്നൊരുക്കങ്ങളോ സുരക്ഷാ മുന്‍കരുതലുകളോ ഇല്ലാതെ നടപ്പിലാക്കിയ ഈ പരിഷ്‌കരണത്തിലൂടെ ഇതിനകം 13.3 കോടി വോട്ടര്‍മാരെയാണ് ഒഴിവാക്കിയത്. ഇത് സമൂഹത്തിലെ സ്ത്രീകളും പാവപ്പെട്ടവരും കുടിയേറ്റക്കാരും വയോജനങ്ങളും അടക്കമുള്ള സാധാരണക്കാരെ വലിയ തോതില്‍ പാര്‍ശ്വവത്കരിച്ചുവെന്നും സംഘം വ്യക്തമാക്കി.

ഇ.സി.ഐയുടെ നിഷ്പക്ഷതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഗ്യാനേഷ് കുമാറിന്റെ പെരുമാറ്റമെന്നും പ്രതിപക്ഷ നേതാക്കളോടുള്ള അദ്ദേഹത്തിന്റെ പരസ്യ ഇടപെടലുകളും രാഷ്ട്രീയ സ്വഭാവമുള്ള പ്രസ്താവനകളും കമ്മീഷന്റെ വിശ്വാസ്യതയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും സംഘം ആരോപിച്ചു.

മുന്‍ ഡല്‍‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, മുന്‍ കേന്ദ്ര സെക്രട്ടറി അമിതാഭ് പാണ്ഡെ, ഐ.എ.എസ് (റിട്ട.) ജയശ്രീ മുഖര്‍ജി, ഐ.എഫ്.എസ് (റിട്ട.) അശോക് ശര്‍മ്മ, മുന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ യശോവര്‍ദ്ധന്‍ ആസാദ്, ആശിഷ് ജോഷി തുടങ്ങിയ മുന്‍‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും, ഐഷ ഘോസ്, യോഗേന്ദ്ര യാദവ്, അഞ്ജലി ഭരദ്വാജ് തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തകരുമാണ് ഈ നോട്ടീസില്‍ ഒപ്പുവെച്ചിരിക്കുന്നത്.

Tags:    
News Summary - Ex-bureaucrats, activists serve ‘impeachment notice’ against CEC Gyanesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.