ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം ശിക്ഷ വിധിച്ച സൂറത്ത് കോടതിയുടെ വിധിയെ പുകഴ്ത്തി ബി.ജെ.പി നേതാക്കൾ രംഗത്തുവന്നു. സൂറത്ത് കോടതിയുടെ ശിക്ഷയിൽ നിന്ന് രാഹുൽ ഗാന്ധി പാഠംപഠിക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. ആയുധങ്ങളേക്കാൾ വേദനയുണ്ടാക്കും വാക്കുകളെന്ന് രാഹുൽ ഗാന്ധി ഓർക്കണമായിരുന്നുവെന്നും പൊതുജീവിതത്തിൽ വാക്കുകളുച്ചരിക്കുമ്പോൾ പാലിക്കേണ്ട മര്യാദ എല്ലാവർക്കും ബാധകമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
സത്യത്തിലും അഹിംസയിലുമാണ് താൻ വിശ്വസിക്കുന്നതെന്ന് പറയുന്ന രാഹുൽ ഗാന്ധി അതുകൊണ്ടാണോ ആളുകളെ അപമാനിക്കുന്നതെന്ന് ബി.ജെ.പി നേതാവ് രവി ശങ്കർ പ്രസാദ് ബി.ജെ.പി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ ചോദിച്ചു. രാഹുൽ ജാതി സൂചിപ്പിച്ച് ചീത്ത പറയുകയാണോ എന്ന് ചോദിച്ച രവി ശങ്കർ പ്രസാദ് രാഹുലിന് അതിന് അവകാശമുണ്ടെങ്കിൽ അതിൽ വേദന അനുഭവിക്കുന്നവർക്ക് മാനനഷ്ടക്കേസുമായി കോടതിയിൽ പോകാനും അധികാരമുണ്ടെന്ന് പറഞ്ഞു.
പാർലമെന്റും കോടതിയുമടക്കം എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും അനാദരിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി. കുടുംബാധിപത്യ മനഃസ്ഥിതിയിൽനിന്ന് രാഹുൽ പുറത്തുവരണമെന്നും ഒരാളും രാജ്യത്തേക്കാളും ജനങ്ങളേക്കാളും ഭരണഘടനയേക്കാളും വലുതല്ലെന്നും ഗോയൽ പറഞ്ഞു.
രാഹുൽ ഗാന്ധി എന്തു പറഞ്ഞാലും അതുകൊണ്ട് പാർട്ടിക്ക് പ്രയാസങ്ങളുണ്ടാകുകയാണെന്നും അദ്ദേഹത്തിന്റെ പാർട്ടിനേതാക്കൾതന്നെ ഇക്കാര്യം തന്നോടു പറഞ്ഞുവെന്നും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.