ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരാനുള്ള തന്റെ തീരുമാനത്തിന് പിന്നാലെ ന്യായീകരണവുമായി രാജ്യസഭാ എം.പി രാഘവ് ചദ്ദ. എ.എ.പിയിൽ ഇപ്പോൾ നിലനിൽക്കുന്നത് വിഷലിപ്തമായ തൊഴിൽ സാഹചര്യമാണെന്നും ശരിയായ പാർട്ടിയിലല്ല താൻ ഇത്രയും കാലം പ്രവർത്തിച്ചതെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ രാഘവ് ചദ്ദ പറഞ്ഞു.
15 വർഷം തന്റെ ചോരയും നീരും നൽകി വളർത്തിയ പാർട്ടി ഇന്ന് പഴയതുപോലെയല്ലെന്നും രാഘവ് ചദ്ദ ആരോപിച്ചു. പാർട്ടിയിൽ ഇപ്പോൾ സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ല. പാർലമെന്റിൽ സംസാരിക്കുന്നതിൽ നിന്ന് പോലും തന്നെ തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. താൻ മാത്രമല്ല മറ്റ് ആറ് എം.പിമാർ കൂടി ഇതേ കാരണത്താൽ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരാൾക്കോ രണ്ടാൾക്കോ തെറ്റുപറ്റാം പക്ഷേ ഏഴ് എം.പിമാർക്ക് ഒരേപോലെ തെറ്റുപറ്റില്ലെന്നും ചദ്ദ അവകാശപ്പെട്ടു.
അന്വേഷണ ഏജൻസികളെ ഭയന്നാണ് ബി.ജെ.പിയിൽ ചേർന്നതെന്ന ആരോപണവും അദ്ദേഹം തള്ളി. ഭയത്താലല്ല, മറിച്ച് നിരാശയും മടുപ്പും മൂലമാണ് താൻ പാർട്ടി വിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ബി.ജെ.പി പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ രാഘവ് ചദ്ദക്ക് സമൂഹമാധ്യമങ്ങളിൽ വൻ തിരിച്ചടിയാണ് നേരിടുന്നത്. വെറും 24 മണിക്കൂറിനുള്ളിൽ 20 ലക്ഷത്തോളം (2 Million) ഫോളോവേഴ്‌സിനെയാണ് അദ്ദേഹത്തിന് നഷ്ടമായത്.
ഇതിനിടെ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രാഘവ് ചദ്ദ നടത്തിയ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്. അവസരവാദി എന്ന് വിളിച്ചാണ് മുൻ അനുയായികൾ അദ്ദേഹത്തിനെതിരെ രംഗത്തെത്തുന്നത്. ഇത്രയും കാലം ഉയർത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങളെ ഒറ്റിക്കൊടുത്താണ് രാഘവ് ചദ്ദ പുതിയ ഇടം തേടിയതെന്ന വിമർശനം വ്യാപകമാണ്.
എ.എ.പി വിട്ടെങ്കിലും കൂടുതൽ ആവേശത്തോടെ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്താൻ ബി.ജെ.പി വേദിയാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരു സ്ഥാപക അംഗം തന്നെ പാർട്ടി വിട്ടത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കും വലിയ രാഷ്ട്രീയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.