പനാജി: ഗോവയിൽ ബി.ജെ.പിയിലേക്ക് കൂറുമാറിയ എം.എൽ.എമാർ ദുഷ്ടൻമാരും ജനങ്ങളുടെയും ദൈവത്തിന്‍റെയും ശത്രുക്കളുമാണെന്ന് കോൺഗ്രസ് സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടി. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെയും മുതിർന്ന നേതാവ് മൈക്കിൾ ലോബോയുടെയും നേതൃത്വത്തിൽ 11 കോൺഗ്രസ് എം.എൽ.എമാരിൽ എട്ട് പേരാണ് ബി.ജെ.പിയിൽ ചേർന്നത്.
എല്ലാ രാഷ്ട്രീയ ഔചിത്യവും അടിസ്ഥാന മര്യാദയും കാറ്റിൽപറത്തി, സമ്പത്തിനോടും അധികാരത്തോടുമുള്ള അത്യാർത്തി പിന്തുടരാൻ തീരുമാനിച്ച എട്ട് നിയമസഭാംഗങ്ങൾ ശുദ്ധ തിന്മയുടെ പ്രതീകങ്ങളാണെന്ന് ഗോവ ഫോർവേഡ് പാർട്ടി അധ്യക്ഷനും പാർട്ടിയുടെ ഏക എം.എൽ.എയുമായ വിജയ് പറഞ്ഞു. അധികാരത്തിൽ തുടരാൻ വേണ്ടിയാണ് ബി.ജെ.പി ഇത്തരത്തിൽ വഞ്ചന നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവരെ ജനങ്ങളുടെയും ദൈവത്തിന്റെയും ശത്രുക്കളായി മുദ്രകുത്തി ഈ രാജ്യദ്രോഹികളെ തള്ളിക്കളയണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. രാഷ്ട്രീയ കൂറുമാറ്റങ്ങൾ ജനവിധിയോടുള്ള വഞ്ചന മാത്രമല്ലെന്നും ദൈവ നിന്ദയും പരിഹാസ്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ സ്പീക്കറുമായി എം.എൽ.എമാർ കൂടിക്കാഴ്ച നടത്തിയ ശേഷം നിയമസഭ സമ്മേളനം ചേരാതിരുന്നപ്പോൾ തന്നെ ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. പിന്നീട് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേത് തനവാഡെ പറഞ്ഞു. ജൂലൈയിൽ എം.എൽ.എമാരുടെ കൂറുമാറ്റം തടഞ്ഞെങ്കിലും ഇത്തവണ അത് സാധിച്ചില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഭാരത് ജോഡോ യാത്ര നടക്കുന്ന സാഹചര്യത്തിൽ ഇത് പാർട്ടിക്ക് വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.