ചണ്ഡീഗഡ്: യുവാക്കളുടെ ശാരീരികക്ഷമത വർധിപ്പിക്കാനും ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കാനും ലക്ഷ്യമിട്ട് വിവിധ ഗ്രാമങ്ങളിൽ 500 ജിമ്മുകൾ ഉദ്ഘാടനം ചെയ്ത് പഞ്ചാബ് സർക്കാർ. ഫരീദ്കോട്ട് ജില്ലയിലെ ചന്ദ്ബാജ ഗ്രാമത്തിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഭഗവന്ത് മൻ നിർവഹിച്ചു.
ജിമ്മുകൾ യുവാക്കളെ ആരോഗ്യത്തോടെ നിലനിർത്താനും അവരെ കായിക വിനോദങ്ങളിലേക്ക് നയിക്കാനും സഹായിക്കും. ആധുനിക ഫിറ്റ്നസ് ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്ന ജിമ്മുകൾ ഗ്രാമങ്ങളിലെ യുവാക്കൾക്ക് വീടിനടുത്തുതന്നെ മികച്ച വ്യായാമസൗകര്യം ലഭ്യമാക്കുകയും കായികരംഗത്തേക്ക് കൂടുതൽ പേരെ ആകർഷിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘സർക്കാർ യുവാക്കളോടൊപ്പം തോളോടുതോൾ ചേർന്ന് നിൽക്കുകയാണ്. നമുക്കെല്ലാവർക്കും ഒത്തൊരുമിച്ച് സംസ്ഥാനത്തെ പുരോഗതിയിലേക്ക് കൊണ്ടുപോകാം’ -മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമുള്ളതും ലഹരിമുക്തവുമായ പഞ്ചാബ് സൃഷ്ടിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
കായിക വിനോദങ്ങളെയും യുവാക്കളുടെ പങ്കാളിത്തത്തെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനുള്ള ആം ആദ്മി സർക്കാരിന്റെ വിവിധ പരിപാടികളുടെ ഭാഗമാണ് ഈ സംരംഭം. ഇതിന്റെ ഭാഗമായി പഞ്ചാബിലെ എല്ലാ ഗ്രാമങ്ങളിലും സ്പോർട്സ് ക്ലബ്ബുകൾ സ്ഥാപിക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ വാഗ്ദാനം ചെയ്തിരുന്നു. തങ്ങളുടെ പാർട്ടി യുവാക്കളുടെ ശാക്തീകരണത്തിനും ലഹരി നിർമാർജനത്തിനും പ്രതിജ്ഞാബദ്ധരാണെന്നും കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റി കായികരംഗത്തേക്ക് നയിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ക്ലബുകൾ വഴി ലീഡർഷിപ്പ്, ടീം വർക്ക്, കമ്മ്യൂണിറ്റി സേവനം, പരിസ്ഥിതി അവബോധം, നാടൻ കലകൾ, സംരംഭകത്വം എന്നിവ പരിപോഷിപ്പിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. പഞ്ചാബിനെ മയക്കുമരുന്ന് വിമുക്തവും പുരോഗമനപരവുമായ സംസ്ഥാനമാക്കി മാറ്റാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്നും കെജ്‍രിവാൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.