‘ടെലിഗ്രാഫ്’ മുൻ എഡിറ്റർ ആർ. രാജഗോപാൽ
ന്യൂഡൽഹി: മലയാളിയായ മുൻ ‘ടെലിഗ്രാഫ്’ എഡിറ്റർ ആർ. രാജഗോപാലിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്ത് പാസ്‌പോർട്ട് പുതുക്കി നൽകാത്ത നടപടിയിൽ ശക്തമായ പ്രതിഷേധവുമായി എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ. ഒരു മുതിർന്ന മാധ്യമപ്രവർത്തകനോട് കാണിക്കുന്ന ഈ സമീപനം അങ്ങേയറ്റം അപലപനീയമാണെന്ന് കുറ്റപ്പെടുത്തിയ എഡിറ്റേഴ്സ് ഗിൽഡ് രാജഗോപാലിന്റെ വോട്ടവകാശം എത്രയും വേഗം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു.
രാജഗോപാലിനെപ്പോലെയുള്ള ഒരു വ്യക്തിത്വത്തിന് ഈ ഗതി വന്നെങ്കിൽ വോട്ടവകാശം നഷ്ടപ്പെടുന്ന സാധാരണക്കാരായ ലക്ഷക്കണക്കിന് മനുഷ്യരുടെ അവസ്ഥ എന്തായിരിക്കുമെന്ന് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് സഞ്ജയ് കപൂർ അടക്കമുള്ളവർ ഒപ്പിട്ട പ്രസ്താവനയിൽ ചോദിച്ചു. പതിറ്റാണ്ടുകളായി പൊതുരംഗത്ത് സജീവമായിട്ടുള്ള ഒരു പ്രമുഖ വ്യക്തിത്വത്തിന് എസ്.ഐ.ആറിലൂടെ വോട്ടവകാശം നഷ്ടപ്പെടുക മാത്രമല്ല 100 ദിവസത്തിലേറെയായി പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടായെന്ന് ഗിൽഡ് ചൂണ്ടിക്കാട്ടി.
വോട്ടർപട്ടികയിൽ പേരില്ലെന്ന കാരണം പറഞ്ഞാണ് പോലീസ് വെരിഫിക്കേഷൻ നിരസിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തരമായി ഇടപെടണമെന്നും ജനാധിപത്യപരമായ വിവേകം കാണിച്ച് അദ്ദേഹത്തിന്റെ വോട്ടവകാശം തിരികെ നൽകണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.
ആർ. രാജഗോപാലിന്‍റെ പാസ്പോർട്ട് തടഞ്ഞ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. കോൺഗ്രസും തൃണമൂൽ കോൺഗ്രസും സി.പി.എമ്മും നടപടിയെ അപലപിച്ചു. രാജ്യം എത്തിപ്പെട്ട യുക്തിരാഹിത്യത്തിന്റെ തലം പ്രതിഫലിപ്പിക്കുന്നതാണ് രാജഗോപാലിന്റെ പാസ്പോർട്ട് നിഷേധമെന്ന് കോൺഗ്രസ് രാജ്യസഭാ എം.പിയും മുതിർന്ന സുപ്രീംകോടതി അഭിഭാഷകനുമായ വിവേക് ഠംഗ കുറ്റപ്പെടുത്തി. നമ്മുടെ പൂർവ പിതാക്കൾ സ്ഥാപിച്ച നിയമവാഴ്ച നിലനിൽക്കുന്ന രാജ്യമെന്ന പേര് നീക്കാൻ തീരുമാനിച്ചുറച്ചിരിക്കുകയാണോ സർക്കാറെന്ന് അദ്ദേഹം ചോദിച്ചു.
ഞെട്ടിക്കുന്ന നടപടിയാണിതെന്ന് തൃണമുൽ കോൺഗ്രസ് എം.പി സാഗരിഗ ഘോഷ് വിമർശിച്ചു. ടെലിഗ്രാഫിന്റെ മുൻ എഡിറ്റർക്ക് ഇത് സംഭവിക്കുമെങ്കിൽ ഇത്രയും വിഭവങ്ങളില്ലാത്ത മനുഷ്യരുടെ കാര്യമെന്തായിരിക്കുമെന്ന് സാഗരിഗ ഘോഷ് ചോദിച്ചു.
എസ്.ഐ.ആറിന്‍റെ വൃത്തികെട്ട വിഷപ്പല്ല് വീണ്ടുമൊരിക്കൽ കൂടി പുറത്ത് വന്നെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി കുറ്റപ്പെടുത്തി. വോട്ടർപ്പട്ടികയിൽ പേരില്ലെന്ന ഒറ്റക്കാരണത്താൽ രാജ്യത്തെ പ്രശസ്തനായ മാധ്യമപ്രവർത്തകന് പാസ്പോർട്ട് പുതുക്കാനാകുന്നില്ലെന്നും അധികാരത്തിലിരിക്കുന്നവർ ജനങ്ങളുടെ അവകാശങ്ങൾ കൊണ്ട് കളിക്കുകയാണെന്നും ബേബി തുടർന്നു.
പാസ്പോർട്ട് പുതുക്കി നൽകാത്തതിനെ തുടർന്ന് ഏപ്രിലിൽ സാൻഫ്രാസിസ്കോയിൽ നടന്ന ഏക മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ രാജഗോപാലിന് കഴിഞ്ഞിരുന്നില്ല. 2026 മാർച്ചിലാണ് കൊൽക്കത്തയിലെ ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് രാജഗോപാലിന്‍റെ പേര് നീക്കം ചെയ്തത്. എസ്.ഐ.ആർ സമയത്ത് 2002-ലെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്‍റേയോ അന്തരിച്ച പിതാവിന്‍റെയോ പേര് കണ്ടെത്തിയില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇത്. എന്നാൽ ഇതിന് പകരമുള്ള രേഖയായി ചോദിച്ച മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടും അന്തിമ പട്ടികയിൽ നിന്ന് വെട്ടിമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.