പ്രവീൺ നെട്ടാറു വധക്കേസ് പ്രതിയോട് കീഴടങ്ങാൻ നിർദേശിച്ച് നോട്ടീസ് പതിക്കുന്ന എൻ.ഐ.എ ഉദ്യോഗസ്ഥൻ. ​കൊല്ലപ്പെട്ട പ്രവീൺ നെട്ടാറു

പ്രവീൺ നെട്ടാറു വധം: അഞ്ചാം പ്രതിയുടെ വീട്ടിലും നാട്ടിലും എൻ.ഐ.എ നോട്ടീസ് പതിച്ച് ഉച്ചഭാഷിണിയിൽ വിളംബരം ചെയ്തു

മംഗളൂരു: യുവമോർച്ച ദക്ഷിണ കന്നട ജില്ല കമ്മിറ്റി അംഗവും കോഴിക്കട നടത്തിപ്പുകാരനുമായിരുന്ന പ്രവീൺ നെട്ടാറു (32) കൊല്ലപ്പെട്ട കേസിലെ അഞ്ചാം പ്രതിയോട് അടുത്ത മാസം 18 നകം കീഴടങ്ങാൻ നിർദേശിച്ച് എൻ.ഐ.എ നോട്ടീസ് പതിക്കലും ഉച്ചഭാഷിണിയിലൂടെ വിളംബരവും നടത്തി. ദക്ഷിണ കന്നട ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ നെക്കിലാഡി അഗ്നാഡി മനെയിൽ കെ.എ. മസൂദാണ് എൻ.ഐ.എ തെരയുന്ന പ്രതി.

നോട്ടീസിൽ പറയുന്ന തീയതിക്കകം കീഴടങ്ങിയില്ലെങ്കിൽ വീടും സ്ഥലവും കണ്ടുകെട്ടുമെന്ന മുന്നറിയിപ്പുണ്ട്. മസൂദിന്റെ വീടിന് പുറമെ പരിസരം, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം നോട്ടീസ് പതിച്ചു. ഉപ്പിനങ്ങാടി പൊലീസ് സഹകരണത്തോടെയാണ് വിളംബരം നടത്തിയത്. പോപ​ുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവായിരുന്നു മസൂദ്.

കഴിഞ്ഞ മാസം 28നും എൻ.ഐ.എ ഇതേ രീതിയിൽ നോട്ടീസ് പതിക്കുകയും വിളംബരം നടത്തുകയും ചെയ്തിരുന്നു. ജൂൺ 30നകം കീഴടങ്ങണം എന്നായിരുന്നു ആദ്യ നോട്ടീസും വിളംബരവും.

2022 ജൂലൈ 26നാണ് ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ താലൂക്കിൽ ബെല്ലാരെയിൽ പ്രവീൺ കൊല്ലപ്പെട്ടത്. ഇതിന് അഞ്ച് ദിവസം മുമ്പ് കാസർകോട് സ്വദേശി മസൂദ് (19) എന്ന യുവാവ് ബെല്ലാരെ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊല്ലപ്പെട്ടിരുന്നു. ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്ത് വര​ുന്ന മസൂദിനെ ജൂലൈ 21നാണ് കൊലപ്പെടുത്തിയത്. സംഘ്പരിവാർ പ്രവർത്തകരായിരുന്നു ഈ കേസിൽ പ്രതികൾ. ഇതിനുപിന്നാലെയാണ് പ്രവീൺ കൊല്ലപ്പെടുന്നത്. പ്രവീൺ വധിക്കപ്പെട്ട് 48 മണിക്കൂറിനകം സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുഹമ്മദ് ഫാസിൽ (23) എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു. ഈ കേസിലും സംഘ്പരിവാർ പ്രവർത്തകരാണ് പ്രതികൾ. പ്രവീൺ വധക്കേസ് അന്വേഷണം ആഗസ്റ്റ് 22ന് എൻ.ഐ.എ ഏറ്റെടുത്തിരുന്നു.

കേസിൽ പ്രതികളായ ദക്ഷിണ കന്നട സുള്ള്യ പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ലു മുട്ലുവിൽ ഉമർ ഫാറൂഖ്, മുസ്തഫ പൈചാർ എന്നിവരോട് അടുത്ത മാസം 18നകം കീഴടങ്ങാൻ നിർദേശിച്ച് അവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം എൻ.ഐ.എ നോട്ടീസ് പതിക്കുകയും വിളംബരം നടത്തുകയും ചെയ്തിരുന്നു. 

Tags:    
News Summary - Praveen Nettaru murder: NIA issues deadline for accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.