'തിന്മയുടെ പ്രതീകം'; ദസറക്ക് രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും

ന്യൂഡൽഹി: രാജ്യത്ത് വിജയദശമി/ദസറ ആഘോഷങ്ങൾക്കൊരുങ്ങവെ, ഡൽഹിയിൽ നിന്ന് കൗതുകകരമായ വാർത്തയാണ് പുറത്തുവരുന്നത്. ഡൽഹി പീതാംപുരയിൽ നടക്കുന്ന വിഖ്യാതമായ രാംലീല ആഘോഷങ്ങളുടെ ഭാഗമായി രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ ഭീമാകാരമായ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള ഒരു 'പാറ്റയുടെ' കോലം കൂടി കത്തിക്കാൻ ശ്രീ കേശവ് റാം ലീല കമ്മിറ്റി തീരുമാനിച്ചു. തിന്മയുടെ പ്രതീകമായ രാവണനൊപ്പം പാറ്റയെക്കൂടി കരിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും, തികച്ചും ശുചിത്വ സന്ദേശം നൽകാനാണ്  നടപടിയെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.

ബി.ജെ.പി എം.എൽ.എയും രാംലീല കമ്മിറ്റി പ്രസിഡന്റുമായ അശോക് ഗോയൽ നൽകിയ വിശദീകരണം അനുസരിച്ച്, സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അഴുക്കിനെയും മാലിന്യത്തെയുമാണ്  പാറ്റയുടെ കോലം പ്രതീകവൽക്കരിക്കുന്നത്. രാജ്യവ്യാപകമായി നടപ്പിലാക്കിവരുന്ന 'സ്വച്ഛ് ഭാരത്', 'സ്വച്ഛ് ഡൽഹി' പ്രചാരണങ്ങളുടെ ഭാഗമായി പൊതുജനങ്ങളിൽ ശുചിത്വത്തെക്കുറിച്ചുള്ള ബോധവൽക്കരണം ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാംലീല നാടകത്തിന്റെ ഭാഗമായി രാവണന്റെ സൈന്യത്തിലെ ഒരു അസുരന്റെ രൂപമായാണ്  പാറ്റയെ വേദിയിൽ അവതരിപ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഈ തീരുമാനത്തിന് പിന്നിൽ ശക്തമായ മറ്റൊരു രാഷ്ട്രീയ പശ്ചാത്തലമുണ്ടെന്ന ചർച്ചകളും ഡൽഹിയിൽ സജീവമാണ്. രാജ്യതലസ്ഥാനത്ത് ഇപ്പോൾ സജീവമായി പ്രതിഷേധങ്ങൾ നടത്തുന്ന 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി.) എന്ന സംഘടനയുമായി  സംഭവത്തെ ബന്ധപ്പെടുത്തിയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തൊഴിൽരഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ട് മുൻപ് ഉയർന്നുവന്ന ചില പരാമർശങ്ങളിൽ നിന്നാണ് സി.ജെ.പി. രൂപംകൊള്ളുന്നത്. തുടർന്ന് മുൻ കേന്ദ്ര മന്ത്രിമാരുടെ രാജിയാവശ്യപ്പെട്ട് ജന്തർമന്ദറിൽ  സംഘടന നടത്തിയ പ്രക്ഷോഭങ്ങൾ വലിയ വാർത്തയായിരുന്നു. ആഴ്ചകൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് ഇത് വഴിവെച്ചത്.

നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.ജെ.പി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ പത്തിന് ജന്തർമന്ദറിലേക്ക് നടത്തിയ മാർച്ചും പ്രതിഷേധങ്ങളും വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. കാൽ ലക്ഷത്തോളം വരുന്ന പോലീസുകാരെയും കേന്ദ്രസേനെയുമാണ് ഭരണകൂടം സമരത്തെ നേരിടാനായി രംഗത്തിറക്കിയത്. സംഘടനയുടെ സ്ഥാപകൻ അഭിജിത് ദീപ്‌കെ ഉൾപ്പെടെയുള്ള പ്രമുഖരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്യുകയുണ്ടായി. ജന്തർമന്ദറിൽ ദേശീയ പതാക വീശി പ്രതിഷേധിച്ചതിന് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലേക്കയച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് കൊണാട്ട് പ്ലേസിൽ 'തിരംഗ സമരം' ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾക്ക് സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇത്തരം രാഷ്ട്രീയ സംഭവവികാസങ്ങൾ ചൂടുപിടിക്കുന്നതിനിടയിലാണ് ഡൽഹിയിൽ പാറ്റയുടെ കോലം കത്തിക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്. എങ്കിലും ഇതൊരു ശുചിത്വ സന്ദേശം മാത്രമാണെന്നും യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളും ഇതിന് പിന്നിലില്ലെന്നും സംഘാടകർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. 

Tags:    
News Summary - 'തിന്മയുടെ പ്രതീകം'; ദസറക്ക് രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.