കാച്ചാർ: അസമിൽ ലഹരിവിരുദ്ധ ഓപ്പറേഷനിടെ പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. മണിപ്പൂർ അതിർത്തിക്ക് സമീപം കാച്ചാർ ജില്ലയിൽ ചൊവ്വാഴ്ച രാത്രി നടന്ന ഓപ്പറേഷനിടെയാണ് മയക്കുമരുന്ന് കടത്തുകാരെന്ന് സംശയിക്കുന്ന സംഘത്തിന്‍റെ വെടിയേറ്റ് ഹവിൽദാർ ഷെരീഫ് ഹുസൈന്‍ കാസി(55) എന്ന പൊലീസുദ്യോഗസ്ഥന് പരിക്കേറ്റത്. രാത്രി 8 മണിയോടെ കാച്ചാറിലെ ജിരിഘട്ടിലുള്ള ദിഗ്ലാംഗ് പ്രദേശത്താണ് സംഭവം. `അദ്ദേഹത്തിന്റെ വയറിലും താഴെയും രണ്ട് വെടിയുണ്ടകളേറ്റത് ഗുരുതരമായ പരിക്കുകൾക്ക് കാരണമായി. ആദ്യം സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച രാവിലെ അദ്ദേഹത്തെ ഗുവാഹത്തിയിലേക്ക് എയർലിഫ്റ്റ് ചെയ്തു' കാച്ചാർ സീനിയർ പൊലീസ് സൂപ്രണ്ട് സഞ്ജീബ് സൈകിയ പറഞ്ഞു.
അയൽ സംസ്ഥാനമായ മണിപ്പൂരിൽ നിന്ന് വന്‍ തോതിൽ മയക്കുമരുന്ന് അസമിലേക്ക് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തിന് പിന്നാലെ പരിക്കേറ്റ ഹവിൽദാർ തന്റെ മേലുദ്യോഗസ്ഥരെ ബന്ധപ്പെടാൻ നാട്ടുകാരുടെ സഹായം തേടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പ്രതികൾ നിബിഡ വനത്തിലൂടെയും അന്തർസംസ്ഥാന അതിർത്തിയിലൂടെയും രക്ഷപ്പെട്ടതിനാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അതേ സമയം ഹവിൽദാർ കാസിയെ ഒറ്റയ്ക്കാണ് അയച്ചതെന്നും അദ്ദേഹം യൂണിഫോമിലായിരുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. ഇത് ഓപ്പറേഷന്റെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ എസ്.പി സഞ്ജീബ് സൈകിയ നിഷേധിച്ചിട്ടുണ്ട്. ഒരു വലിയ സംഘത്തെ തന്നെ സ്ഥലത്ത് വിന്യസിച്ചിരുന്നതായും ഓപ്പറേഷന്റെ ഭാഗമായാണ് ചില ഉദ്യോഗസ്ഥർ സാധാരണ വസ്ത്രം ധരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.