ലഖ്നോ: മരുമകളെ കാണാനില്ലെന്ന് പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവാവിന്‍റെ മുഖത്ത് പൊലീസ് ഇൻസ്പെക്ടർ കൈവീശി അടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. ബിനൗലി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ബിർജറാം ആണ് യുവാവിനെ ആക്രമിച്ചത്. സംസാരത്തിനിടെ യുവാവിന്‍റെ മുഖത്ത് പൊലീസുകാരൻ കൈവീശി അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇതിനിടെ ഇൻസ്പെക്ടറെ സ്ഥലം മാറ്റുകയും ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തു.'തന്റെ അനന്തരവളെ കാണാതായതിനെക്കുറിച്ച് പരാതി നൽകാനാണ് ശനിയാഴ്ച വൈകിട്ടോടെ യുവാവ് ബിനൗലി പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ, ഇയാളോടും കുടുംബത്തോടും ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്ന് ഗ്രാമവാസികളിൽ നിന്ന് വിവരം ലഭിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ ബിർജാ റാമിനെ ബിനൗലി പൊലീസ് സ്‌റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കി. കൂടാതെ, പെൺകുട്ടിയെ കാണാനില്ലെന്ന കേസിന്‍റെ അന്വേഷണം സർക്കിൾ ഓഫീസർക്ക് കൈമാറി - ബാഗ്പത് എസ്.പി നീരജ് കുമാർ ജദൗൺ പറഞ്ഞു.
നാല് ദിവസമായി തന്റെ മരുമകളെ കാണാനില്ലെന്ന് അക്രമത്തിന് ഇരയായ ഓംവീർ പറഞ്ഞു. 'കേസിന്റെ പുരോഗതിയെക്കുറിച്ച് അന്വേഷിക്കാൻ ഞാനും കുടുംബവും പൊലീസ് സ്റ്റേഷനിൽ പോയിരുന്നു. മരുമകളെ കുറിച്ച് ഇൻസ്‌പെക്ടറോട് ആവർത്തിച്ച് ചോദിച്ചപ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് അദ്ദേഹം എന്നെ തല്ലുകയായിരുന്നു'- ഓംവീർ പറഞ്ഞു. അതേസമയം സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.