ഇൻഡ്യ സഖ്യത്തിനെതിരെ ‘മുജ്റ നൃത്ത’ പരാമർശം; മോദി പദവിയുടെ മാന്യത മറക്കരുതെന്ന് പ്രിയങ്ക

ന്യൂഡൽഹി: ഇൻഡ്യ സഖ്യം വോട്ട് ബാങ്ക് രാഷ്ടീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തക്ക മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പദവിയുടെ മാന്യത മോദി കാത്തുസൂക്ഷിക്കണമെന്ന് പ്രിയങ്ക പറഞ്ഞു.

ഇൻഡ്യ സഖ്യം മുസ്ലിം വോട്ട് ബാങ്കിന്‍റെ അടിമകളായി തുടരുമെന്നും അവരെ സന്തോഷിപ്പിക്കാനായി സഖ്യം മുജ്‌റ നൃത്തമാടുകയാണെന്നും മോദി ആക്ഷേപിച്ചിരുന്നു. ബിഹാറിലെ പാടലിപുത്രയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലയിൽ സംസാരിക്കുന്നതിനിടെയാണ് മോദി വിദ്വേഷ പരാമർശങ്ങൾ ആവർത്തിച്ചത്. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം എടുത്ത് മുസ്ലിംകൾക്കു നൽകുമെന്ന സ്ഥിരം ആരോപണവും ആവർത്തിച്ചു.

‘സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്കു പുതിയ ദിശാബോധം നൽകിയ മണ്ണാണ് ബിഹാർ. പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗക്കാരുടെ അവകാശങ്ങളെല്ലാം തട്ടിപ്പറിച്ച് മുസ്ലിംകൾക്കു നൽകാനുള്ള ഇൻഡ്യ സഖ്യത്തിന്‍റെ പദ്ധതികൾ തകർക്കുമെന്ന് ഈ മണ്ണിൽനിന്ന് പ്രഖ്യാപിക്കുകയാണ്. അവർ വോട്ട് ബാങ്കിന്‍റെ അടിമകളായി തുടരും. അവരുടെ വോട്ട് ബാങ്കിനെ സന്തോഷിപ്പിക്കാന്‍ മുജ്‌റ നൃത്തമാടും’ -മോദി പറഞ്ഞു. ദക്ഷിണേഷ്യയിൽ രൂപംകൊണ്ട ഒരു നൃത്തരൂപമാണ് മുജ്റ. സ്ത്രീകളാണ് പ്രധാനമായും ഈ നൃത്തം അവതരിപ്പിക്കുന്നത്. സ്ത്രീകളിലേക്കു കൂടുതൽ ശ്രദ്ധയാകർഷിക്കും വിധമാണ് ഈ നൃത്തരൂപം.

മോദിയുടെ പരാമർശങ്ങളോട് കടുത്ത ഭാഷയിലാണ് പ്രിയങ്ക പ്രതികരിച്ചത്. ഒരു പ്രധാനമന്ത്രിയും ഇത്തരമൊരു ഭാഷ ഉപയോഗിക്കില്ലെന്ന് അവർ പറഞ്ഞു.

‘മോദിജി എന്താണ് പറയുന്നത്? പദവിയുടെ മാന്യത നിലനിർത്തേണ്ടത് അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തമല്ലേ? ഞങ്ങൾ പ്രധാനമന്ത്രി സ്ഥാനത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്‍റെ യഥാർഥ മുഖമാണ് ഇപ്പോൾ കാണുന്നത്. പക്ഷേ അത് രാജ്യത്തോട് കാണിക്കരുത്. രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന കാര്യം മറന്നു. ഭാവി തലമുറ എന്ത് പറയും’ -പ്രിയങ്ക വിമർശിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.

Tags:    
News Summary - PM's "Mujra" Attack On INDIA Bloc, Priyanka Gandhi's "Decorum" Reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.