തത്ത

‘തത്തയും വന്യജീവി തന്നെ’; കൃഷിനാശത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ബോംബെ ഹൈകോടതി

നാഗ്‌പൂർ: തത്തകൾ മാതളനാരങ്ങ മരങ്ങൾ നശിപ്പിച്ചതിന് കർഷകന് നഷ്ടപരിഹാരം നൽകാൻ മഹാരാഷ്ട്ര സർക്കാരിനോട് ബോംബെ ഹൈകോടതി. വന്യജീവി സംരക്ഷണ നിയമപ്രകാരം തത്തകൾ 'വന്യമൃഗങ്ങളുടെ' ഗണത്തിൽപ്പെടുമെന്നും, ഇവ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് പൗരന്മാർക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്നും കോടതി വിധിച്ചു.

ജസ്റ്റിസുമാരായ ഊർമിള ജോഷി ഫാൽക്കെ, നിവേദിത മേത്ത എന്നിവരടങ്ങിയ നാഗ്‌പൂർ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. സംരക്ഷിത വിഭാഗത്തിൽപ്പെട്ട ജീവികൾ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് കർഷകർക്ക് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ, അവർ വന്യജീവികളെ ഉപദ്രവിക്കുന്ന നടപടികളിലേക്ക് നീങ്ങിയേക്കാം. ഇത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലക്ഷ്യത്തെത്തന്നെ തകർക്കുമെന്ന് കോടതി നിരീക്ഷിച്ചു.

വാർധ ജില്ലയിലെ ഹിംഗി ഗ്രാമത്തിലെ 70 വയസ്സുകാരനായ മഹാദേവ് ഡെക്കറ്റെ എന്ന കർഷകനാണ് കോടതിയെ സമീപിച്ചത്. 2016 മേയ് മാസത്തിൽ അടുത്തുള്ള വന്യജീവി സങ്കേതത്തിൽ നിന്നുള്ള കാട്ടുതത്തകൾ തന്റെ മാതളനാരങ്ങ തോട്ടം നശിപ്പിച്ചതായും ഇതിന് നഷ്ടപരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നശിപ്പിക്കപ്പെട്ട 200 മരങ്ങൾക്ക്, ഒരു മരത്തിന് 200 രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

ആനകളും കാട്ടുപോത്തുകളും കൃഷി നശിപ്പിച്ചാൽ മാത്രമേ നഷ്ടപരിഹാരം നൽകാവൂ എന്ന മുമ്പത്തെ സർക്കാർ ഉത്തരവുകൾ ചൂണ്ടിക്കാട്ടി സർക്കാർ ഈ ഹരജിയെ എതിർത്തു. സർക്കാരിന്റെ വാദം കോടതി തള്ളി. ചില പ്രത്യേക മൃഗങ്ങൾ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് മാത്രം നഷ്ടപരിഹാരം നൽകുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. 1972ലെ നിയമപ്രകാരം വന്യജീവികൾ സർക്കാരിന്റെ സ്വത്താണ്. തത്തകൾ ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന കാര്യത്തിൽ തർക്കമില്ല.

വന്യജീവികളെ സംരക്ഷിക്കണമെന്ന് പൗരന്മാരോട് നിയമം ആവശ്യപ്പെടുമ്പോൾ, അവ വരുത്തുന്ന നാശനഷ്ടങ്ങൾ പൗരന്മാർ സഹിക്കണമെന്ന് പറയാനാകില്ല. കൃഷി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 50 ശതമാനത്തോളം പഴങ്ങൾ തത്തകൾ നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. സർക്കാർ ഉത്തരവിൽ തത്തകളെ ഉൾപ്പെടുത്താത്തതിനാൽ നഷ്ടപരിഹാരം നൽകാൻ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല. എന്നാൽ വന്യജീവി നിയമത്തിലെ പട്ടികയിൽ 'അലക്സാണ്ട്രൈൻ പാരാകീറ്റ്' (Alexandrine parakeet) ഉൾപ്പെടെയുള്ള തത്ത വർഗ്ഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ഹരജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Tags:    
News Summary - Parrots ruled wild animals, state to compensate farmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.