പാകിസ്താന്‍െറ മൊത്തം സംവിധാനം തീവ്രവാദത്തിന് ഊര്‍ജം പകരുന്നത് –രാജ്നാഥ് സിങ്

ചണ്ഡിഗഢ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ പാകിസ്താനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും. പാക് ഭരണകൂടത്തിന്‍െറ മുഴുവന്‍ സംവിധാനങ്ങളും തീവ്രവാദത്തിന് ഊര്‍ജം പകരുന്നതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. പാമ്പിനെ വളര്‍ത്തുന്നവര്‍ക്കുതന്നെയാണ് കടിയേല്‍ക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചണ്ഡിഗഢില്‍ റീജ്യനല്‍ എഡിറ്റേഴ്സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് ഭരണകൂടത്തിനെതിരെയാണ് ഇന്ത്യയുടെ വിമര്‍ശമെന്ന് രാജ്നാഥ് വ്യക്തമാക്കി. പാക് ജനതയോട് വിരോധമില്ല. പാക് അധീന കശ്മീരിലുള്‍പ്പെടെ തീവ്രവാദ വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കും. പാകിസ്താന്‍െറ ഇപ്പോഴത്തെ നടപടികള്‍ ആര്‍ക്കും ഗുണം ചെയ്യില്ല. അവര്‍ ദക്ഷിണേഷ്യയില്‍ മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തില്‍തന്നെ ഒറ്റപ്പെടുന്നതിനും ഇത് കാരണമാകുമെന്നും രാജ്നാഥ് മുന്നറിയിപ്പ് നല്‍കി.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ 150ഓളം പത്രാധിപര്‍ പങ്കെടുത്ത സമ്മേളനത്തില്‍ മിന്നലാക്രമണത്തെക്കുറിച്ചും കേന്ദ്രമന്ത്രി വിശദീകരിച്ചു. ഇന്ത്യ നിയന്ത്രണരേഖ മുറിച്ചു കടന്നുവെന്നും എന്നാല്‍, പാകിസ്താനെ ആക്രമിക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ തീവ്രവാദ വിഭാഗങ്ങള്‍ സൈന്യത്തിനുനേരെ ആക്രമണത്തിന് കോപ്പുകൂട്ടുന്നതായി വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് മിന്നലാക്രമണത്തിന് തീരുമാനമെടുത്തത്.
അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. റഡാര്‍, ലേസര്‍ സംവിധാനങ്ങള്‍ വഴി അതിര്‍ത്തി നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.
Tags:    
News Summary - Pak's entire establishment fuelling terrorism in India: Rajnath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.